3,44,000 വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ചു; 194,000 എണ്ണം തള്ളി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതുവരെ 344,746 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകി. 194,000 സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ തള്ളി. 962 എണ്ണം പരിശോധന ഘട്ടത്തിലാണ്. നവംബർ 27 വരെയുള്ള കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. നിർദിഷ്ട മാനദണ്ഡം അനുസരിച്ച് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അംഗീകാരം നൽകുന്നത് തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിലേക്ക് വരുന്നതിന് അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്. സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നത് ഇതിനായി തയാറാക്കിയ ഒാൺലൈൻ ലിങ്കിലൂടെ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ലിങ്ക് വഴിയാണ് വിദേശത്ത് വാക്സിൻ സ്വീകരിച്ച കുവൈത്തികളുടെയും പ്രവാസികളുടെയും രജിസ്ട്രേഷൻ നടത്തുന്നത്. സിവിൽ െഎഡി, ഇ മെയിൽ വിലാസം എന്നിവ അടിച്ചുകൊടുത്താൽ മെയിലിലേക്ക് വൺ ടൈം വെരിഫിക്കേഷൻ കോഡ് അയച്ചുതരും. ഇത് വെരിഫിക്കേഷൻ പേജിൽ പൂരിപ്പിക്കുക. തുടർന്ന് വ്യക്തിഗത വിവരങ്ങളും വാക്സിനേഷൻ വിവരങ്ങളും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. വാക്സിനേഷൻ സർട്ടിഫിക്കറ്റിെൻറ പി.ഡി.എഫ് 500 കെ.ബിയിൽ കൂടാത്ത സൈസിൽ അപ്ലോഡ് ചെയ്യണം. മൂന്ന് പ്രവൃത്തി ദിവസത്തിനകം പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് പരിശോധിച്ച് അംഗീകാരം നൽകും.

