ഗതാഗത നിയമലംഘനം; ഒരാഴ്ചക്കിടെ 3239 ഗതാഗത കേസുകൾ റിപ്പോർട്ടു ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഒരാഴ്ചക്കിടെ നടന്ന പരിശോധനയിൽ 3239 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. ഗുരുതര നിയമലംഘനങ്ങൾ കാരണം രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. മൂന്ന് കേസുകൾ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കൈമാറി. ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 20 വരെയുള്ള പരിശോധനകളിലാണിത്. സെവൻത് റിങ് റോഡിലും മറ്റ് പ്രധാന ഹൈവേകളിലുമാണ് ജനറൽ ട്രാഫിക് വകുപ്പ് പരിശോധനകൾ നടത്തിയത്.
പരിശോധനയിൽ 56 പിടികിട്ടാനുള്ള വാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ കേസുകളിൽ ഉർപെട്ട മൂന്നു പേരെ പിടികൂടി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 115 പേരെ അറസ്റ്റ് ചെയ്തു. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ച 12 പ്രായപൂർത്തിയാകാത്തവരെയും അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിന് 36 വ്യക്തികളെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി.
റോഡുകളിലെ സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനായി കർശന നടപടികൾ തുടരുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ഗതാഗത അച്ചടക്കം വർധിപ്പിക്കൽ, ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കൽ, റോഡുകളിൽ വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് നടപടികൾ. പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, രാജ്യത്ത് പുതിയ ഗതാഗത നിയമം നടപ്പാക്കിയതോടെ നിയമലംഘനങ്ങളിലും അപകടങ്ങളിലും വലിയ രൂപത്തിൽ കുറവുവന്നിട്ടുണ്ട്. കർശന ചട്ടങ്ങളും വൻ പിഴയോടെയുമാണ് പുതിയ നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

