അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം എത്തുന്നത് 30,000 പേർ
text_fieldsകുവൈത്ത് സിറ്റി: വേനലവധിക്കാലം അവസാനത്തിലെത്തുകയും സ്കൂളുകൾ തുറക്കാൻ സമയമാകുകയും ചെയ്തതോടെ കുവൈത്തിലേക്ക് തദ്ദേശീയരുടെയും പ്രവാസികളുടെയും ഒഴുക്ക്. ഇതോടെ കുവൈത്തിലേക്കുള്ള വിമാനങ്ങളിലും തിരക്കേറി.
ഈ മാസം അവസാനം വരെയുള്ള വിമാന ടിക്കറ്റുകളും ഭൂരിപക്ഷവും വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് നിരക്കും ഉയർന്ന നിലയിലാണ്. ആളുകൾ തിരിച്ചെത്തിത്തുടങ്ങിയതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും തിരക്കേറി. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 340 വിമാനങ്ങളാണ് കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങിയത്.
കേരളത്തിൽനിന്നു മടങ്ങുന്ന പ്രവാസികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇന്ത്യ, ഈജിപ്ത്, സൗദി അറേബ്യ, തുർക്കി, ദുബൈ എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ യാത്രക്കാർ.
ഇതോടെ 25,000നും 30,000നും ഇടയിലുള്ള യാത്രക്കാർ പ്രതിദിനം കുവൈത്തിൽ എത്തുന്നുണ്ടെന്ന് കണക്കാക്കുന്നു.

