25.1 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ 25.1 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് അറിയിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടുവെന്നും പ്രതിദിന കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.
രോഗമുക്തി 96 ശതമാനത്തിൽ ഏറെയായിട്ടുണ്ട്. അതേസമയം, ജാഗ്രത കൈവെടിയരുതെന്നും കുറച്ചുകാലം കൂടി സൂക്ഷ്മതയോടെ കൈകാര്യം ചെയ്താൽ രാജ്യം സാധാരണ ജീവിതത്തിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ആരോഗ്യ സുരക്ഷ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗവും രാജ്യനിവാസികളോട് അഭ്യർഥിച്ചു.

