കളിപ്പാട്ടം ഇറക്കുമതിയിൽ 25 ശതമാനം വർധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയിൽ കഴിഞ്ഞ വർഷം 25 ശതമാനത്തിന്റെ വർധന. കഴിഞ്ഞ വർഷം 54.3 ദശലക്ഷം ദീനാറിന്റെ കളിപ്പാട്ടങ്ങളാണ് രാജ്യത്തേക്ക് കൊണ്ടുവന്നത്. 2020ൽ 43.63 ദശലക്ഷം ദീനാറിന്റെ ഇറക്കുമതിയാണ് ഉണ്ടായിരുന്നത്. ഏപ്രിൽ മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ഇറക്കുമതി നിരക്ക് രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങൾ നീക്കി കുട്ടികൾക്കായി പാർക്കുകളും വീണ്ടും തുറന്നതിനുശേഷം ഗെയിം മാർക്കറ്റിന് വലിയ ഡിമാൻഡാണ്. പാർക്കുകളിലേക്ക് വൻതോതിൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യപ്പെട്ടു. കഴിഞ്ഞ ഏഴു വർഷമായി കളിപ്പാട്ടത്തിന്റെ ഇറക്കുമതിയിൽ വർധന രേഖപ്പെടുത്തുന്നു.
കോവിഡ് വീശിയടിച്ച 2020ലും 2021ലും ഇക്കാര്യത്തിൽ മാറ്റമുണ്ടായില്ല. മാസങ്ങൾ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയും ലോക്ഡൗണും കർഫ്യൂവും നിലവിലുണ്ടാകുകയും ചെയ്തിട്ടും ആകെ വിൽപന കുറഞ്ഞില്ല. വിദേശികൾ നാട്ടിൽ പോകുന്ന ഘട്ടത്തിലാണ് കളിപ്പാട്ടങ്ങൾ വാങ്ങാറുള്ളത്. യാത്രാനിയന്ത്രണങ്ങൾ കാരണം വിദേശികളുടെ നാട്ടിൽപോക്ക് ഗണ്യമായി കുറഞ്ഞിരുന്നു. കുവൈത്തികളുടെ വാങ്ങലാണ് അക്കാലയളവിൽ വിപണിക്ക് ഉണർവ് പകർന്നത്. സ്കൂൾ അടഞ്ഞുകിടക്കുകയും കുട്ടികൾ വീട്ടിൽ തളച്ചിടപ്പെടുകയും ചെയ്തത് കളിപ്പാട്ടങ്ങളുടെ വിൽപന വർധിപ്പിച്ചു. കുവൈത്തി കുട്ടികൾ ഉപയോഗിക്കുന്ന ആഡംബര കളിപ്പാട്ടങ്ങളാണ് കൂടുതലായി വിറ്റുപോയത്.