മൂന്ന് മാസത്തിനുള്ളിൽ 22,000 പുതിയ തൊഴിലാളികളെത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 2022ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ 22,000 പുതിയ വിദേശ തൊഴിലാളികളെത്തി. ഇതിൽ 88.9 ശതമാനവും ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നവരാണ്. 19,532 ഗാർഹിക തൊഴിലാളികൾ ഇക്കാലയളവിൽ കുവൈത്തിലെത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് പുതിയ തൊഴിലാളികൾ എത്തുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. ഗാർഹികത്തൊഴിലാളികൾ അല്ലാത്തവരുടെ വരവാണ് കാര്യമായി കുറഞ്ഞത്.
മാൻപവർ അതോറിറ്റി, സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയുമായി സഹകരിച്ച് ലേബർ മാർക്കറ്റ് സിസ്റ്റം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. പ്രധാനമായും ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നാണ് റിക്രൂട്ട്മെന്റ് നടന്നത്. ഇന്ത്യയിൽ നിന്ന് 11,591 പുതിയ വീട്ടുജോലിക്കാരെത്തി. ഫിലിപ്പീൻസിൽനിന്ന് 5,631 പേർ വന്നു. തൊഴിൽവിസയിൽ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു. കമ്പനി വിസക്കാരിൽ കൊഴിഞ്ഞു പോകുന്നവരിൽ ഇന്ത്യക്കാരും ഈജിപ്തുകാരുമാണ് കൂടുതൽ.
ഈ വർഷം ആദ്യ മൂന്ന് മാസത്തിൽ 1967 ഇന്ത്യക്കാരും 1415 ഈജിപ്തുകാരും കുറഞ്ഞു. ഫിലിപ്പീൻസ്, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ എന്നീ രാജ്യക്കാരും കുറഞ്ഞു. രാജ്യത്തെ തൊഴിൽ വിപണിയിലെ വിദേശി സാന്നിധ്യത്തിൽ കഴിഞ്ഞ വർഷം വൻ കുറവുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 1,34,000 ത്തിലധികം പേരുടെ കുറവാണ് 2021ൽ രേഖപ്പെടുത്തിയത്.
2020 ഡിസംബറിൽ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 1.58 ദശലക്ഷം ആയിരുന്നത് 2021ൽ 1.45 ദശലക്ഷമായാണ് കുറഞ്ഞത്. കൊഴിഞ്ഞുപോക്കിന്റെ 70 ശതമാനം ഇന്ത്യയിലേക്കും ഈജിപ്തിലേക്കുമാണെന്നും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് അഡ്മിനിസ്‌ട്രേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2022ലും കൊഴിഞ്ഞുപോക്ക് തുടരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

