ഈ വർഷം 2150 തീപിടിത്തങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തീപിടിത്ത കേസുകളുടെ എണ്ണം വർധിച്ചു. താപനില ഉയർന്നതോടെ ദിവസവും തീപിടിത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വർഷം ജൂലൈ മൂന്നു വരെ 2150 തീപിടിത്തമാണ് അഗ്നിശമനസേന കൈകാര്യംചെയ്തത്. റെസിഡൻഷ്യൽ ഏരിയകളിൽ 697, മറ്റു സ്ഥലങ്ങളിൽ 695, വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ 262, കര-ഗതാഗത ഭാഗങ്ങളിൽ 496 എന്നിങ്ങനെ തീപിടിത്തങ്ങൾ ഉണ്ടായി.
ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടുകൾ കാരണം ഏകദേശം 762 തീപിടിത്തമുണ്ടായി. മൊത്തം തീപിടിത്തത്തിന്റെ 36 ശതമാനമാണിത്. സിഗരറ്റുകുറ്റികൾ എറിഞ്ഞ് 362 തീപിടിത്തങ്ങളുണ്ടായി. താപ സ്രോതസ്സുകളോ കത്തുന്ന വസ്തുക്കളോ അശ്രദ്ധമായി കൈകാര്യംചെയ്തത് വഴിയും നിരവധി കേസുകൾ റിപ്പോർട്ടു ചെയ്തു. മനുഷ്യർ മനഃപൂർവം ഉണ്ടാക്കിയ തീപിടിത്തങ്ങളും റിപ്പോർട്ടു ചെയ്തു. ഏകദേശം 197 തീപിടിത്തങ്ങൾ ഇത്തരത്തിലുള്ളതാണ്. മൊത്തം തീപിടിത്തത്തിന്റെ ഒമ്പതു ശതമാനം വരും ഇത്.
അഹമ്മദി ഗവർണറേറ്റിലെ ഫയർ കൺട്രോൾ ടീമുകൾ മൊത്തം 490 തീപിടിത്തങ്ങൾ നിയന്ത്രിച്ചു. ജഹ്റ അഗ്നിശമനസേനാംഗങ്ങൾ 480, ഫർവാനിയ ഗവർണറേറ്റ് അഗ്നിശമനസേനാംഗങ്ങൾ 475, ഹവല്ലി ഗവർണറേറ്റ് 264, ക്യാപിറ്റൽ ഗവർണറേറ്റ് 247, മുബാറക് അൽ കബീർ ഗവർണറേറ്റ് 194 എന്നിങ്ങനെ തീപിടിത്ത സംഭവങ്ങൾ കൈകാര്യംചെയ്തു. ഓരോ വർഷവും വേനൽക്കാലത്ത് ഇലക്ട്രിക്കൽ ഓവർലോഡ്, ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടുകൾ, വാഹനങ്ങളുടെ തീപിടിത്തം, കുട്ടികളുടെ കൃത്രിമത്വം എന്നിവയുടെ ഫലമായുണ്ടാകുന്ന തീപിടിത്തങ്ങൾ കൂടുന്നതായി തെളിയുന്നു. രാജ്യത്ത് വേനൽക്കാലത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്നതും സാധാരണമാണ്.
വാഹനങ്ങൾ ഇടക്കിടെയുള്ള പരിശോധനകൾ നടത്തുന്നതിൽ ഉടമകളുടെ അശ്രദ്ധയാണ് ഇതിന് പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വാഹനങ്ങളിലെ ഇന്ധനങ്ങളുടെ സാന്നിധ്യവും ഉയർന്ന അന്തരീക്ഷ ഊഷ്മാവും ചൂടുകാറ്റും മൂലം തീ പടർന്നാൽ നിയന്ത്രണവിധേയമാക്കുക പ്രയാസമാകും. വേനൽക്കാലത്ത് അഗ്നിശമന ഉപകരണങ്ങൾ വാഹനത്തിൽ കരുതുന്നത് ഗുണകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

