കുറ്റവിചാരണയിലുന്നയിച്ച വിഷയങ്ങൾ പരിഹരിക്കാൻ നടപടി വേണം – മന്ത്രി സബീഹ്
text_fieldsകുവൈത്ത് സിറ്റി: തനിക്കെതിരായ കുറ്റവിചാരണയിൽ പരാമർശിക്കപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് തൊഴിൽ -സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് വകുപ്പുമേധാവികൾക്ക് നിർദേശം നൽകി. മാൻപവർ അതോറിറ്റി, ജനറൽ ഓഡിറ്റിങ് ഡിപ്പാർട്ട്മെൻറ്, സാമ്പത്തിക നിരീക്ഷണ ഡിപ്പാർട്ട്മെൻറ്, ഫത്വ ബോർഡ്, സിവിൽ സർവിസ് കമീഷൻ തുടങ്ങിയ ഡിപ്പാർട്ട്മെൻറുകളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പരാതികൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.
അമിത ചെലവുകൾ കുറച്ച് വരവുകൾ വർധിപ്പിക്കുക, എല്ലാ ഇടപാടുകാരോടും ഒരേനിലക്ക് പെരുമാറുക, വകുപ്പുകളിലെത്തുന്ന കത്തുകൾക്ക് മറുപടി നൽകുന്നതിൽ താമസം വരുത്താതിരിക്കുക, ഓൺലൈൻ ബന്ധം സ്ഥാപിക്കേണ്ട വകുപ്പുകളിൽ ഉടൻ അത് പൂർത്തിയാക്കുക, അംഗപരിമിതരുടെ ക്ഷേമ,പഠന കാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മത പുലർത്തുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രി നൽകിയത്. മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ നടക്കുന്ന വഴിവിട്ട രീതികൾ ചൂണ്ടിക്കാട്ടി അടുത്തിടെയാണ് മന്ത്രിക്കെതിരെ പാർലമെൻറിൽ കുറ്റവിചാരണ സമർപ്പിക്കപ്പെട്ടത്.
അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ വിജയിച്ച മന്ത്രി സ്ഥാനം നിലനിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
