കുവൈത്ത് ഓൺലൈൻ സുരക്ഷക്ക് പ്രത്യേക സെൽ രൂപവത്കരിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് പ്രത്യേക സെൽ രൂപവത്കരിക്കുന്നു. വിവര സാങ്കേതിക രംഗത്തെ വെല്ലുവിളികൾ നേരിടുന്നതിനായി നാഷനൽ സൈബർ സെക്യൂരിറ്റി സെൻറർ എന്ന പേരിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിവര സാങ്കേതികരംഗം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യലാണ് നാഷനൽ സൈബർ സെക്യൂരിറ്റി സെൻററിെൻറ പ്രധാനലക്ഷ്യം. വിവരശേഖരണം, കൈമാറ്റം എന്നിവ സുരക്ഷിതമാക്കാനുള്ള നടപടികൾ കൈക്കൊള്ളുക എന്ന സർക്കാർ നിലപാടിെൻറ ഭാഗമായാണ് സൈബർ സുരക്ഷാ കേന്ദ്രം എന്ന ആശയം പ്രാവർത്തികമാക്കുന്നതെന്ന് മന്ത്രിസഭാ വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അൽ സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
വിവര സാങ്കേതിക രംഗത്തെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും സേവനമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ അഭിമുഖീകരിക്കുന്ന തടസ്സങ്ങൾ മറികടക്കുന്നതിനും ദേശീയ സൈബർ സുരക്ഷാ കേന്ദ്രം പ്രയോജനപ്പെടുമെന്നാണ് സർക്കാർ വിലയിരുത്തൽ. പബ്ലിക് അതോറിറ്റി ഫോർ ഇൻഫർമേഷൻ കേന്ദ്രത്തിെൻറ മേൽനോട്ടത്തിലായിരിക്കും സൈബർ സെക്യൂരിറ്റി സെൻറർ പ്രവർത്തിക്കുക. സെൻറർ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ അതോറിറ്റിക്ക് നിർദേശം നൽകിയതായി കാബിനറ്റ്കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് അറിയിച്ചു.
അതിനിടെ, കുട്ടികളെ സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് സുരക്ഷിതരാക്കുക, സാമൂഹിക മാധ്യമങ്ങളുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ആഭ്യന്തരമന്ത്രാലയം പ്രത്യേകസമ്മേളനം ആരംഭിച്ചു.
സമൂഹമാധ്യമങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതിനെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എൻ.ജി.ഒകൾക്കും പത്ര ദൃശ്യമാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
