കോൺഗ്രസിെൻറ തകർച്ചയിൽ സന്തോഷിക്കാൻ കമ്യൂണിസ്റ്റുകൾക്ക് കഴിയില്ല -എം. സ്വരാജ്
text_fieldsകുവൈത്ത് സിറ്റി: കോൺഗ്രസിെൻറ തകർച്ചയിൽ സന്തോഷിക്കാൻ തനിക്കോ കമ്യൂണിസ്റ്റ് പാർട്ടിക്കോ കഴിയില്ലെന്ന് ഡി.വൈ.എഫ്.െഎ അഖിലേന്ത്യാ വൈസ് പ്രസിഡൻറ് എം. സ്വരാജ് എം.എൽ.എ പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) സംഘടിപ്പിച്ച ഇ.എം.എസ്,- എ.കെ.ജി-, ബിഷപ് പൗലോസ് മാർ പൗലോസ് അനുസ്മരണ സമ്മേളനത്തിൽ ‘വർത്തമാനകാല ഇന്ത്യ, സമകാലിക കേരളം’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിെൻറ പരാജയം അവരെക്കാൾ മോശമായ സംഘ്പരിവാറിെൻറ വിജയം ആകുന്നതുകൊണ്ടാണിത്. മതനിരപേക്ഷത സംരക്ഷിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്. നെഹ്റുവിെൻറ കാലത്ത് അതിന് കഴിഞ്ഞിരുന്നു. എന്നാൽ, ഇക്കാലത്ത് അതു നിർവഹിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുകയും ചെയ്യുന്നു. ബംഗാളിലെ സി.പി.എമ്മിെൻറ വീഴ്ച പരിഹാസത്തിനു വിഷയമാക്കുന്നവർ 40 കൊല്ലം മുമ്പ് അവിടെ വീഴ്ചപറ്റിയ കോൺഗ്രസിനെക്കുറിച്ച് മിണ്ടുന്നില്ല.
തമിഴ്നാട്ടിലും ഗുജറാത്തിലും യു.പിയിലുമെല്ലാം അതുതന്നെയാണ് അവസ്ഥ. മറ്റുള്ളവർക്കായി ജീവിച്ച മഹാന്മാരായിരുന്നു ഇ.എം.എസും എ.കെ.ജിയും ബിഷപ് പൗലോസ് മാർ പൗലോസും. ‘ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യം അന്വർഥമാക്കിയവരായിരുന്നു അവർ. സാമൂഹിക പ്രതിബദ്ധത പരസ്യമാക്കാൻ മടികാണിക്കാതിരുന്ന വ്യക്തിയായിരുന്നു വിമോചന ദൈവശാസ്ത്രത്തിെൻറ വക്താവായിരുന്ന ബിഷപ് പൗലോസ് മാർ പൗലോസ്. പാർലമെൻററി ജനാധിപത്യത്തിെൻറ ചതിക്കുഴികളെക്കുറിച്ച് ദീർഘവീക്ഷണത്തോടെ മുന്നറിയിപ്പ് നൽകാൻ എ.കെ.ജിക്ക് കഴിഞ്ഞു. സൂക്ഷ്മനിരീക്ഷണത്തിലൂടെ വിഷയങ്ങൾ കൈകാര്യം ചെയ്ത നേതാവായിരുന്നു ഇ.എം.എസ്. ഇവരുടെ ഒാർമകൾ നമ്മുടെ ജാഗ്രതക്ക് കരുത്തുപകരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല പ്രസിഡൻറ് സുഗതകുമാർ അധ്യക്ഷത വഹിച്ചു. ജെ.സജി, സത്താർ കുന്നിൽ, ബഷീർ ബാത്ത, എൻ. അജിത്കുമാർ, ജിതിൻ പ്രകാശ്, കെ.വി. നിസാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
