ആശാരിപ്പണിയിലടക്കം സ്വദേശികൾക്ക് പരിശീലനം നൽകാൻ പദ്ധതി
text_fieldsകുവൈത്ത് സിറ്റി: വിദേശികളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിെൻറ മുന്നോടിയായി മുഴുവൻ തൊഴിൽ മേഖലകളിലും സ്വദേശികൾക്ക് പരിശീലനം നൽകാനുള്ള പദ്ധതികളുമായി അധികൃതർ. സ്വദേശി പുരുഷന്മാർക്ക് ആശാരിപ്പണി, പെയിൻറിങ്, ഇലക്ട്രിക്കൽ, എയർ കണ്ടീഷൻ, സാറ്റലൈറ്റ്, വാഹനങ്ങളുടെ അറ്റകുറ്റ പണി തുടങ്ങിയ മേഖലകളിലും സ്ത്രീകൾക്ക് ഭക്ഷണ പാചകം, വീട് ക്രമീകരണം, കുട്ടികളെ പരിപാലിക്കൽ, വസ്ത്രം അലക്കൽ തുടങ്ങിയ ജോലികളിലും പരിശീലനം നൽകാനാണ് പദ്ധതി. ഗവൺമെൻറ് ആൻഡ് മാൻപവർ റീ സ്ട്രക്ച്ചറിങ് േപ്രാഗ്രാം സെക്രട്ടറി ജനറൽ ഫൗസി അൽ മജ്ദലി അറിയിച്ചതാണിത്.
തദ്ദേശീയ തൊഴിൽ ശക്തിയും അതുവഴി സ്വദേശിവത്കരണവും ഏർപ്പെടുത്തുന്നതിനായുള്ള അതോറിറ്റിയാണിത്. വിദേശികളെ ആശ്രയിക്കാതെ ഇത്തരം ജോലികൾ സ്വദേശികളെകൊണ്ട് എങ്ങനെ ചെയ്യിപ്പിക്കാനാവും എന്നതുസംബന്ധിച്ച പഠനമാണ് ആദ്യം നടത്തുകയെന്ന് അതോറിറ്റി ജനറൽ സെക്രട്ടറി ഫൗസി അൽ മജ്ദലി പറഞ്ഞു. നിശ്ചിതകാലം കണക്കാക്കി സ്വദേശികളുടെ താൽപര്യത്തിനനുസരിച്ച് വിവിധ ജോലികളിൽ പരിശീലനം നൽകുകയെന്നതാണ് പദ്ധതി. ഇത്തരം ജോലികളിൽ വിദേശികളെ ആശ്രയിക്കേണ്ടതില്ലാത്ത സാഹചര്യം ഉണ്ടായാൽ സ്വദേശിക്കും രാജ്യത്തിനും സാമ്പത്തിക ബാധ്യത വൻ തോതിൽ കുറയും. കൂടാതെ, ഇപ്പോൾ അഭിമുഖീകരിക്കുന്ന സാമൂഹിക, സുരക്ഷ, ഗതാഗത പ്രശ്നങ്ങൾ ഇല്ലാതാക്കാനും സാധിക്കും. ഓരോ സ്വദേശിയും അതുവഴി ഓരോ കുടുംബവും ജോലികളിൽ സ്വയം പര്യാപ്തത നേടാൻ മുന്നോട്ട് വരണമെന്ന് ഫൗസി അൽ മജ്ദലി ആവശ്യപ്പെട്ടു.
അതോറിറ്റിയുടെ പഠനം പുരോഗമിക്കുകയും കാര്യങ്ങൾ ഇതേ പ്രകാരം നടക്കുകയുമാണെങ്കിൽ ഭൂരിപക്ഷം വിദേശികൾക്കും അത് ഭീഷണിയാകും. സ്വകാര്യ തൊഴിൽ മേഖലയിലേക്ക് കുവൈത്ത് സ്വദേശികളെ ആകർഷിക്കാനും സന്നദ്ധരാകുന്നവർക്ക് തൊഴിൽ പരിശീലന മാർഗനിർദേശങ്ങൾ എന്നിവ നൽകുന്നതിനുമായി നാഷനൽ മാൻപവർ ഡെവലപ്മെൻറ് സെൻറർ എന്ന പേരിൽ കേന്ദ്രം സ്ഥാപിക്കും. സർക്കാർ വകുപ്പുകളുടെയും എൻ.ജി.ഒകളുടെയും സഹായത്തോടെ സ്വദേശി ഉദ്യോഗാർഥികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള കാമ്പയിനികളും പരിശീലന പരിപാടികളും കേന്ദ്രത്തിനു കീഴിലാണ് സംഘടിപ്പിക്കുക. പ്രതിവർഷം പത്തുശതമാനം എന്ന നിരക്കിൽ സ്വകാര്യമേഖലയിലെ സ്വദേശി സാന്നിധ്യം വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവിൽ വിദേശികൾ ജോലി ചെയ്തുവരുന്ന എല്ലാ തസ്തികകളിലും ഒറ്റയടിക്ക് കുവൈത്തികളെ പകരം നിയമിക്കുക അസാധ്യമാണ്. അതിനാൽ, സ്വദേശിവത്കരണം സാധ്യമായ തസ്തികകൾ കണ്ടെത്തുക എന്നതിനാണ് ജി.എം.ആർ.പിയുടെ പ്രഥമ പരിഗണന.
ഇത്തരത്തിൽ സ്വദേശിവത്കരണം പ്രായോഗികമാകുന്ന 80,000 തസ്തികകൾ കണ്ടെത്തിയതായും ഫൗസി അൽ മജ്ദലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.