പണമയക്കലിന് നികുതി: ഈ ആഴ്ച മന്ത്രിസഭയുടെ പരിഗണനക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്ക് പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്തുന്നത് ഈ ആഴ്ച പാര്‍ലമെന്‍റിന്‍െറയും മന്ത്രിസഭയുടെയും പരിഗണനക്ക്. അന്താരാഷ്ട്ര നാണയനിധിയുടെ എതിര്‍പ്പ് തള്ളി നികുതിനിര്‍ദേശവുമായി മുന്നോട്ടുപോവാന്‍തന്നെയാണ് സര്‍ക്കാറിന്‍െറ തീരുമാനമെന്നാണ് സൂചനകള്‍.
വിദേശ തൊഴിലാളിക്ക് ഒരു മാസം നാട്ടിലേക്ക് അയക്കാവുന്ന പരാമാവധി തുക അയാളുടെ ശമ്പളത്തിന് സമാനമാക്കി പരിമിതപ്പെടുത്തണമെന്ന നിര്‍ദേശവും ഇതോടൊപ്പം പരിഗണിക്കും. ഞായറാഴ്ചയാണ് കരടുബില്‍ പാര്‍ലമെന്‍റും മന്ത്രിസഭയും ചര്‍ച്ചക്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈസല്‍ അല്‍ കന്ദരി എം.പിയാണ് നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ബില്‍ സഭയില്‍ അവതരിപ്പിച്ചത്. 100 ദീനാറില്‍ കുറവ് പണമയക്കുമ്പോള്‍ രണ്ട് ശതമാനവും 100നും 500നും ഇടയില്‍ ദീനാര്‍ നാട്ടിലയക്കുമ്പോള്‍ നാല് ശതമാനവും 500ന് മുകളിലാണെങ്കില്‍ അഞ്ചുശതമാനവും നികുതി ചുമത്തണമെന്നാണ് നിര്‍ദേശം.
നികുതി അടക്കാതെ പണമയക്കുന്നവര്‍ക്ക് ആറുമാസം വരെ തടവും 10,000 ദീനാറില്‍ കവിയാത്ത പിഴയും ചുമത്തണമെന്നും കരടുബില്ലില്‍ നിര്‍ദേശമുണ്ട്. നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്കും മണി എക്സ്ചേഞ്ചുകള്‍ക്കും മേല്‍ ധനമന്ത്രാലയത്തിന്‍െറ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു.
വിദേശികള്‍ നാട്ടിലയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നീക്കം വിപരീതഫലമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്ന ഒരു നേട്ടവും ഇതുകൊണ്ട് ജി.സി.സി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥക്ക് ലഭിക്കുകയില്ളെന്നും അന്താരാഷ്ട്ര നാണയനിധി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ചെറിയ നേട്ടത്തിന് വേണ്ടി നികുതി അടിച്ചേല്‍പിച്ചാല്‍ വിദേശികളെ ആകര്‍ഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പിറകോട്ട് പോവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നാണ് ഐ.എം.എഫിന്‍െറ മുന്നറിയിപ്പ്.
ആഭ്യന്തര ഉല്‍പാദനത്തിന്‍െറ മൂന്ന് ശതമാനം മാത്രമാണ് വിദേശികള്‍ ശമ്പളമായി പറ്റുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് നികുതി ചുമത്തിയാല്‍ സര്‍ക്കാര്‍ ഖജനാവുകളില്‍ എത്തുക ഗള്‍ഫ് രാജ്യങ്ങളിലെ മൊത്തം വരുമാനത്തിന്‍െറ 0.3 ശതമാനം മാത്രമാവും.
സമ്പദ് വ്യവസ്ഥയില്‍ നേരിയ ചലനം സൃഷ്ടിക്കാന്‍ പോലും ഈ തുക കൊണ്ട് കഴിയില്ളെന്നും നികുതി ചുമത്തല്‍ നടപ്പാക്കാനുള്ള ഭരണചെലവ് കൂടി കണക്കാക്കിയാല്‍ നേട്ടം നിസ്സാരമായിരിക്കും -ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.