വിദേശികളുടെ മേല്‍ നികുതി: കരടുപ്രമേയം കൊണ്ടുവരുമെന്ന് കുവൈത്ത് എം.പി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം വിദേശികളില്‍നിന്ന് നികുതി ഈടാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ കരട് പ്രമേയം കൊണ്ടുവരുമെന്ന് സഫ അല്‍ ഹാഷിം എം.പി. അല്‍ റായ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് എം.പി ഇക്കാര്യം പറഞ്ഞത്. യു.എ.ഇ പോലുള്ള രാജ്യങ്ങള്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. 14 ബില്യന്‍ ദീനാറോളമാണ് വിദേശികള്‍ കുവൈത്തില്‍നിന്ന് തങ്ങളുടെ നാട്ടിലേക്ക് അയക്കുന്നത്. ഇതിന് ഇതുവരെ അവരില്‍നിന്ന് നികുതി വസൂലാക്കുന്നില്ല.
രാജ്യത്തിന്‍െറ അന്തരീക്ഷത്തിലൂടെ പറക്കുന്ന വിദേശ വിമാനങ്ങള്‍ക്കും പ്രത്യേക ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല.
ഇതുപോലുള്ള നിരവധി സൗകര്യങ്ങളാണ് ഫീസോ നികുതിയോ ഏര്‍പ്പെടുത്താതെ വിദേശികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ജനസംഖ്യാ അനുപാതം ക്രമീകരിക്കുന്നതിന്‍െറ മുന്നോടിയായി ഇത്തരം കാര്യങ്ങളില്‍കൂടി സര്‍ക്കാറിന്‍െറ ശ്രദ്ധയുണ്ടാവണമെന്ന് എം.പി പറഞ്ഞു. അതുപോലെ തൊഴില്‍ പ്രാവീണ്യമുള്ള വിദേശികളെ മാത്രം പുതുതായി റിക്രൂട്ട് ചെയ്യുക, സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്തുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. ഒരു കുവൈത്തിക്ക് മൂന്നു വിദേശികള്‍ എന്ന നിലവിലെ ജനസംഖ്യാ അനുപാതത്തില്‍ മാറ്റമുണ്ടാവണം. 20,000 സ്വദേശി ചെറുപ്പക്കാരാണ് രാജ്യത്ത് തൊഴില്‍രഹിതരായി കഴിയുന്നത്. ഇത്തരം നടപടികളിലൂടെ മാത്രമേ ജനസംഖ്യാ അനുപാതം ക്രമപ്പെടുത്താനും അതുവഴി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉറപ്പുവരുത്താനും സാധിക്കുകയുള്ളൂവെന്ന് എം.പി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
