ശുെഎബ റിഫൈനറിയിൽ ഉൽപാദനം നിർത്തി
text_fieldsകുവൈത്ത് സിറ്റി: മികച്ച സംവിധാനങ്ങളോടെ 1966ൽ പ്രവർത്തനം ആരംഭിച്ച ശുെഎബ റിഫൈനറി അടച്ചുപൂട്ടി. പുതിയ പരിസ്ഥിതി സൗഹൃദ റിഫൈനറി സ്ഥാപിക്കുന്നതിനായാണിത്. റിഫൈനറിയിൽനിന്നുള്ള ഉൽപാദനം നിർത്തുന്ന ചടങ്ങിൽ എണ്ണമന്ത്രി ഇസ്സാം അൽ മർസൂഖ് പങ്കുകൊണ്ടു. ശുെഎബ റിഫൈനറി അടച്ചുപൂട്ടാനുള്ള തീരുമാനം വിപുലമായ പഠനത്തിെൻറ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപയോഗക്ഷമമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്നു മന്ത്രി പറഞ്ഞു.
അടച്ചുപൂട്ടിയാലും എണ്ണ ശേഖരിക്കുന്ന സംവിധാനം തുടരും. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ (കെ.എൻ.പി.സി) കീഴിലാണ് ശുെഎബ റിഫൈനറി നിർമാണം ആരംഭിച്ചത്. 1968 ഏപ്രിലിൽ പ്രവർത്തനം തുടങ്ങി. ഒരു മാസത്തിനുശേഷം ഈ റിഫൈനറിയിൽനിന്നുള്ള ആദ്യ ഷിപ്മെൻറ് പുറപ്പെട്ടു. തുടക്കത്തിൽ 95,000 ബാരൽ ആയിരുന്നു ഉൽപാദനശേഷി. 1975ൽ വികസിപ്പിച്ചതോടെ ഉൽപാദനം 1,80,000 ബാരൽ ആയി. ഒരു ഘട്ടത്തിൽ പ്രതിദിന ഉൽപാദനം രണ്ടുലക്ഷം ബാരൽ വരെ എത്തി. 1981ൽ ശുെഎബ റിഫൈനറിയിൽ കണ്ടെയ്നറിന് തീപിടിച്ചു. മൂന്നുദിവസം പരിശ്രമിച്ചാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്.
തുടർന്ന് 36 ദിവസം പ്രവർത്തനം നിർത്തിെവക്കേണ്ടിവന്നു. ഇറാഖ് അധിനിവേശകാലത്ത് നശിപ്പിക്കപ്പെട്ട റിഫൈനറി സ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെട്ട ശേഷം വീണ്ടും പ്രവർത്തന സജ്ജമാക്കി. ശുെഎബ റിഫൈനറി അടച്ചുപൂട്ടുന്നതുവഴിയുള്ള ഉൽപാദനക്കുറവ് മറികടക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള ക്ലീൻ ഫ്യുവൽ പ്രോജക്ട് ഈ മാസത്തോടെ 84 ശതമാനം പൂർത്തിയാകും. ഒമാനിലെ ദുഖം റിഫൈനറി പദ്ധതിയുമായി ഏപ്രിൽ പത്തിന് പങ്കാളിത്ത കരാർ ഒപ്പുവെക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശുെഎബ റിഫൈനറി അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ രാജ്യത്ത് ആവശ്യമായ പെട്രോൾ മിനാ അൽ അഹമ്മദി റിഫൈനറിയിൽനിന്നു ലഭ്യമാക്കുമെന്ന് കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി) സി.ഇ.ഒ മുഹമ്മ അൽ മുതൈരി അറിയിച്ചു. ശുെഎബക്ക് പുറമെ മിന അൽ അഹ്മദി, മിന അൽ അബ്ദുല്ല എന്നീ റിഫൈനറികളും രാജ്യത്തുണ്ട്. രാജ്യത്തെയും മിഡിലീസ്റ്റിലെ തന്നെയും ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായി മാറിയേക്കാവുന്ന അൽ സൂർ എണ്ണ ശുദ്ധീകരണശാലയുടെ നിർമാണം 2019 അവസാനത്തോടെ പൂർത്തിയാകും.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയാകുമിത്. പദ്ധതിക്കുവേണ്ടി 4.8 ബില്യൻ ദീനാറാണ് ചെലവ് കണക്കാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
