Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.സി.സിയില്‍...

ജി.സി.സിയില്‍ കോര്‍പറേറ്റ് വരുമാനത്തില്‍  വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

text_fields
bookmark_border
ജി.സി.സിയില്‍ കോര്‍പറേറ്റ് വരുമാനത്തില്‍  വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്
cancel
കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളില്‍ കോര്‍പറേറ്റുകളുടെ വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയിലെ മുന്‍നിര നിക്ഷേപ സ്ഥാപനമായ കുവൈത്ത് ഫിനാന്‍ഷ്യല്‍ സെന്‍റര്‍ (മര്‍കസ്) പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 2016ന്‍െറ ആദ്യ പകുതിയില്‍ എട്ടു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടാംപകുതിയില്‍ നാലു ശതമാനംകൂടി വരുമാനത്തില്‍ കുറവുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. 
സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ വരുമാനം താഴോട്ട് പോയപ്പോള്‍ ഏഴു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഒമാന്‍ മാത്രമാണ് അപവാദം. 
ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ കൂപ്പുകുത്തലിനെ തുടര്‍ന്നുണ്ടായ മാന്ദ്യംതന്നെയാണ് 
വരുമാനം കുത്തനെ ഇടിയാന്‍ കാരണമായത്.
 എല്ലാ രാജ്യങ്ങളില്‍നിന്നുമായി ആദ്യ ആറുമാസത്തിലെ മൊത്തം വരുമാനം 32.8 ബില്യന്‍ ഡോളറാണ്. റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത തിരിച്ചടി നേരിട്ടപ്പോള്‍ ടെലികോം, ബാങ്കിങ് മേഖലകള്‍ പിടിച്ചുനിന്നു. 
അന്തര്‍ദേശീയ വിപണിയില്‍നിന്നുള്ള പിന്തുണയാണ് ബാങ്കിങ്, ടെലികോം മേഖലകള്‍ക്ക് തുണയായത്.
കുവൈത്ത്
കുവൈത്തില്‍ ആറു ശതമാനമാണ് ഈ വര്‍ഷം ആദ്യ പകുതിയിലെ കണക്കനുസരിച്ച് വരുമാനത്തിലെ ഇടിവ്. പൊതുസ്ഥിതിപോലെ കുവൈത്തിലും ബാങ്കിങ്, ടെലികോം മേഖലകളാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനമാണ് വരുമാനത്തില്‍ ഇടിവ്. 
വര്‍ഷത്തിന്‍െറ ബാക്കി കാലയളവില്‍ രണ്ടു ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നത്. എണ്ണവിലയിലുണ്ടായ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്‍െറ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വിവിധ പദ്ധതികളുമായി രംഗത്തുണ്ട്. പുതിയ സാമ്പത്തിക പരിഷ്കരണ രേഖക്ക് പുറമെ പൊതുചെലവ് ഗണ്യമായി കുറക്കുന്നതിനാണ് സര്‍ക്കാര്‍ മൂന്‍തൂക്കം നല്‍കുന്നത്. ഇതിന്‍െറ ഭാഗമായി പൊതുചെലവ് 20 ശതമാനമെങ്കിലും കുറക്കണമെന്ന് ബജറ്റ് സമിതി ധനകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. 2016-17 സാമ്പത്തിക വര്‍ഷം 1220 കോടി ദീനാറിന്‍െറ കമ്മിയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 
നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ മൂന്നു വര്‍ഷത്തിനകം ബജറ്റ് കമ്മി 2200 കോടി ദീനാറാവുമെന്ന് അടുത്തിടെ ധന, എണ്ണ മന്ത്രി അനസ് അല്‍സാലിഹ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പൊതുചെലവ് കുറക്കണമെന്ന നിര്‍ദേശം ബജറ്റ് സമിതി മുന്നോട്ടുവെച്ചത്.  വരുമാനം കുറയുമ്പോഴും പൊതുചെലവ് നിയന്ത്രിക്കാനാവാത്തതാണ് സര്‍ക്കാറിനെ കുഴക്കുന്നത്. 
സൗദി
സൗദിയില്‍ ഏഴു ശതമാനമാണ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ആറുമാസ കാലയളവില്‍ ഇടിവ് രേഖപ്പെടുത്തിയത്. 50 ശതമാനം വരുമാനം കുറഞ്ഞ റിയല്‍ എസ്റ്റേറ്റ് മേഖലയാണ് സാമ്പത്തിക വ്യവസ്ഥക്ക് കടുത്ത ആഘാതമേല്‍പിച്ചത്. വര്‍ഷാവസാനമാവുമ്പോഴേക്ക് ആറു ശതമാനമാകും ആകെ ഇടിവെന്നാണ് കണക്കുകൂട്ടല്‍. 
കമ്മോഡിറ്റി, ബാങ്കിങ്, നിര്‍മാണ മേഖല എന്നിവയില്‍ വരും മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന വരുമാന വളര്‍ച്ചയാണ് ആകെ കണക്കില്‍ ചെറിയൊരു ആശ്വാസത്തിന് വകനല്‍കുന്നത്.
യു.എ.ഇ
യു.എ.ഇയിലെ കമ്പനികളുടെ ആകെ വരുമാനത്തില്‍ 2016ന്‍െറ ആദ്യപകുതിയില്‍ എട്ടു ശതമാനം ഇടിവുണ്ടായി. വിലയിടിവും ദുര്‍ബലമായ സാമ്പത്തികാവസ്ഥയും റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ കമ്പനികള്‍ പറ്റെ നിരാശപ്പെടുത്തിയതുമാണ് ഇടിവിന് കാരണം. രണ്ടാം പാതിയില്‍ ബാങ്കിങ് സെക്ടര്‍ കരുത്തുകാട്ടുമെന്നാണ് പ്രതീക്ഷ. 
ഖത്തര്‍
ഖത്തറിലെ കമ്പനികളുടെ വരുമാനത്തില്‍ 11 ശതമാനമാണ് കുറവുണ്ടായത്. പകുതിയോളം കുറവ് കാണിച്ച റിയല്‍ എസ്റ്റേറ്റ് മേഖലതന്നെയാണ് രാജ്യത്തെ കമ്പനികളുടെ ആകെ പ്രകടനത്തില്‍ നിര്‍ണായകമായത്.  
ടെലികോം, ബാങ്കിങ് മേഖലകളില്‍ യഥാക്രമം 35 ശതമാനം, മൂന്നു ശതമാനം വളര്‍ച്ച കാണിച്ചു. മറ്റു ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ക്രെഡിറ്റ് 
ഗ്രോത്ത് ഉള്ളതും 
അടിസ്ഥാന സൗകര്യവികസന രംഗത്തെ വന്‍ പദ്ധതികളും ഖത്തറിലെ കമ്പനികള്‍ക്ക് വരും മാസങ്ങളില്‍ തുണയാവുമെന്ന് മര്‍കസ് റിസര്‍ച്ചിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story