പെരുന്നാള്‍ അവധി ഒമ്പതുദിവസം
text_fieldsകുവൈത്ത് സിറ്റി: ദുല്‍ഖഅദ് 29 വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാകാതിരുന്നത് കാരണം ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് സൗദിയില്‍ പ്രഖ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് കുവൈത്തിലും സെപ്റ്റംബര്‍ 12ന് തിങ്കളാഴ്ച ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് കുവൈത്ത് മാസപ്പിറ നിരീക്ഷണ സമിതി വ്യക്തമാക്കി. ദുല്‍ഹജ്ജ് മാസപ്പിറ ദര്‍ശിക്കുന്നവര്‍ അക്കാര്യം അറിയിക്കണമെന്ന് ശറഈ സമിതിയുടെ അഭ്യര്‍ഥനയുണ്ടായെങ്കിലും എവിടെയും മാസപ്പിറ കണ്ടതായി വിവരം ലഭിച്ചിരുന്നില്ല.
അതിനിടെ, നേരത്തേ സൂചിപ്പിച്ചിരുന്നതുപോലെ ഇപ്രാവശ്യം ബലിപെരുന്നാളിന് ഒമ്പത് ദിവസം അവധിയുണ്ടായിരിക്കുമെന്ന് സിവില്‍ സര്‍വിസ് കമീഷന്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ ഒമ്പത് വെള്ളിയാഴ്ച മുതല്‍ 17ന് ശനിയാഴ്ചവരെയായിരിക്കും രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി. ഇതില്‍ ആദ്യ രണ്ടു ദിവസം വാരാന്ത്യ അവധിദിനങ്ങളെന്ന നിലക്കും സെപ്റ്റംബര്‍ 11ന് ഞായറാഴ്ച അറഫാ ദിനം എന്ന നിലക്കുമാണ് അവധിയെങ്കില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ചവരെ ദിവസങ്ങളാണ് പെരുന്നാള്‍ അവധി. പെരുന്നാള്‍ അവധിക്കും വാരാന്ത്യ അവധിക്കും ഇടയില്‍ വരുന്ന വ്യാഴാഴ്ചയെ വിശ്രമദിനം എന്ന ഗണത്തില്‍പെടുത്തിയാണ് അവധി ദിനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതെന്നും സിവില്‍ കമീഷന്‍ വിശദീകരിച്ചു.
ഇത് പ്രകാരം ഈമാസം എട്ടിന് വ്യാഴാഴ്ച അടക്കുന്ന രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫിസുകളും ഒമ്പതു ദിവസത്തെ അവധിക്കുശേഷം സെപ്റ്റംബര്‍ 18ന് ഞായറാഴ്ചയായിരിക്കും തുറന്നുപ്രവര്‍ത്തിക്കുക. ഇടവേളക്കുശേഷമാണ് പെരുന്നാളിന് ഇത്രയും കൂടുതല്‍ അവധി ലഭിക്കുന്നത്. അതേസമയം, പെരുന്നാളിന് ഇത്രയും അവധി ലഭിക്കുന്നതോടെ നാട്ടില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുന്ന വിദേശികളുടെ എണ്ണം കൂടിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
