സുരക്ഷായോഗം ചേര്‍ന്നു; ഹുസൈനിയ ടെന്‍റുകള്‍ക്ക് അനുമതി
text_fieldsകുവൈത്ത് സിറ്റി: പവിത്രമായ മുഹര്‍റം മാസം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുന്നതിന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറ നേതൃത്വത്തിലാണ് ശനിയാഴ്ച അവലോകന യോഗം നടന്നത്. രാജ്യത്തെ ഒരു വിഭാഗത്തിന്‍െറ മുഹര്‍റം ആചരണ പരിപാടികള്‍ സുഗമമായി നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയതാണ്.
ഹുസൈനിയ എന്ന പേരില്‍ നടക്കുന്ന ഇത്തരം പരിപാടികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് സുലൈമാന്‍ ഫഹദ് അല്‍ ഫഹദ് വ്യക്തമാക്കി. മേഖല അഭിമുഖീകരിക്കുന്ന സുരക്ഷാ ഭീഷണിയുടെ പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷത്തേതുപോലെ ഈവര്‍ഷവും കര്‍ശന സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതുവഴികളില്‍ പ്രകടനം നടത്തുക, റോഡുകള്‍ അടച്ചിടുകയോ തടസ്സമുണ്ടാക്കുകയോ ചെയ്യുക, റോഡുകളില്‍വെച്ച് ഭക്ഷണവും ശീതളപാനീയവും വിതരണം ചെയ്യുക തുടങ്ങിയവ വിലക്കിയിട്ടുണ്ട്.
മുഹര്‍റം ആചരണത്തിന്‍െറ പേരില്‍ രാജ്യനിവാസികള്‍ക്കിടയില്‍ വിദ്വേഷവും വൈരവും ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരങ്ങളും പ്രവൃത്തികളും ആരുടെ ഭാഗത്തുനിന്നായാലും അനുവദിക്കില്ല. രാജ്യത്തിന്‍െറയും ജനങ്ങളുടെയും സുരക്ഷക്കായി മന്ത്രാലയം കൈക്കൊള്ളുന്ന നടപടികളുമായി സ്വദേശികളും വിദേശികളുമുള്‍പ്പെടെ സഹകരിക്കണമെന്ന് അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് അല്‍ ഫഹദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.