വ്യാപക റെയ്ഡ്: 51 ഡെസേര്‍ട്ട് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു
text_fieldsകുവൈത്ത് സിറ്റി: ട്രാഫിക് നിയമം ലംഘിച്ച് പ്രധാന റോഡുകളിലും അതിവേഗ പാതകളിലും ഓടിച്ച 51 ഡെസേര്‍ട്ട് ബൈക്കുകള്‍ അധികൃതര്‍ പിടികൂടി. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറ നിര്‍ദേശപ്രകാരം വ്യാഴാഴ്ച വൈകുന്നേരമാണ് രാജ്യവ്യാപക റെയ്ഡ് നടന്നത്. ബൈക്കുകള്‍ പൊതുനിരത്തില്‍ ഓടിച്ചതിന് പിടിയിലായ പ്രായപൂര്‍ത്തിയാവാത്തവരെ കുട്ടികള്‍ക്കായുള്ള പ്രോസിക്യൂഷനിലേക്ക് മാറ്റി. പിടികൂടിയ എല്ലാ വാഹനങ്ങളും ട്രാഫിക് വിഭാഗത്തിന്‍െറ പ്രത്യേക ഗാരേജുകളിലാണുള്ളത്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമായി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശൂയഅ് പറഞ്ഞു.
മറ്റു വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. തങ്ങളുടെ മക്കള്‍ ഇത്തരം ബൈക്കുകളുമായി നിരോധിത മേഖലകളില്‍ പ്രവേശിക്കുന്നത് തടയേണ്ട ബാധ്യത രക്ഷിതാക്കള്‍ക്ക് തന്നെയാണ്. അല്ലാത്ത പക്ഷം കുട്ടികള്‍ നടത്തിയ നിയമലംഘനത്തിന് രക്ഷിതാക്കള്‍ നടപടി നേരിടേണ്ടിവരുമെന്നും ഫഹദ് അല്‍ ശൂയഅ് മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
