20 വര്‍ഷത്തിനിടെ നാടുകടത്തിയത് പത്തുലക്ഷം വിദേശികളെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് കഴിഞ്ഞ 20 വര്‍ഷത്തിനിടെ നാടുകടത്തിയത് പത്തുലക്ഷം വിദേശികളെ. സുരക്ഷാ അധികൃതര്‍ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് അനുസരിച്ചാണിത്. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നുവരും രണ്ടുപതിറ്റാണ്ടിനിടെ നാടുകടത്തിയ വിദേശികളുടെ എണ്ണം.
ഇവരില്‍ 50 ശതമാനം ഏഷ്യക്കാരും അറബ് വംശജരുമാണ്. മദ്യം, മയക്കുമരുന്ന് കടത്ത്, കവര്‍ച്ച, തട്ടിപ്പ്, ബലാത്സംഗം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരെ ജയിലില്‍നിന്നും ഇഖാമ നിയമവും താമസനിയമവും ലംഘിച്ച ധാരാളം പേരെ കോടതിയിലയക്കാതെ ഭരണതലത്തിലെ നടപടിപ്രകാരം നേരിട്ടും കയറ്റിയയച്ചിട്ടുണ്ട്.
ഈ വര്‍ഷം സെപ്റ്റംബര്‍ വരെ മാത്രം 25,913 വിദേശികളെയാണ് നാടുകടത്തിയത്. ഇവരില്‍ 6983 ഇന്ത്യക്കാരും പെടും. സെപ്റ്റംബറില്‍ മാത്രം 1703 പേരെ നാടുകടത്തി. ഇതില്‍ 433 പേര്‍ ഇന്ത്യക്കാരാണ്. 2015ല്‍ 26,000 പേരെയാണ് നാടുകടത്തിയതെങ്കില്‍ ഈവര്‍ഷം ആദ്യ ഒമ്പത് മാസങ്ങള്‍ കൊണ്ടുതന്നെ ഇതിനടുത്തത്തെി. ആഭ്യന്തര മന്ത്രാലയം അധികൃതര്‍ തുടര്‍ച്ചയായി നടത്തിയ സുരക്ഷാപരിശാധനകളാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണം ഏറെ വര്‍ധിക്കാന്‍ കാരണം.
ചെറിയ സമയത്തിനുള്ളില്‍ ഇത്രയധികം പേര്‍ നാടുകടത്തപ്പെടുന്നത് രാജ്യ ചരിത്രത്തില്‍ ആദ്യമായാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
താമസനിയമം ലംഘിച്ച മുഴുവന്‍ പേരെയും പിടികൂടി നാടുകടത്തുമെന്ന് കുവൈത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 1,13,000 പേര്‍ രാജ്യത്ത് ഇഖാമ കാലാവധികഴിഞ്ഞ്് തങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്.
റെയ്ഡുകള്‍ നിരന്തരമായി തുടര്‍ന്നിട്ടും അനധികൃത താമസക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ത്യക്കാരാണ് രാജ്യത്തെ ഇഖാമ ലംഘകരില്‍ ഒന്നാം സ്ഥാനത്തുള്ളത്. 28,000 ഇന്ത്യക്കാരാണ് കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ താമസനിയമം ലംഘിച്ച് കഴിയുന്നത്. 23,000 ഇഖാമ ലംഘകരുള്ള ബംഗ്ളാദേശാണ് രണ്ടാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
