നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി: നിര്‍ദേശം പാര്‍ലമെന്‍റ് സമിതിയുടെ പരിഗണനയില്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ജോലിചെയ്യുന്ന വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ലമെന്‍റ് നിയമകാര്യസമിതിയുടെ പരിഗണനയില്‍. സര്‍ക്കാറിന്‍െറ പിന്തുണ ലഭിച്ചതോടെ ഇതുസംബന്ധിച്ച് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ട കരടുനിര്‍ദേശം സജീവമായി പരിഗണിച്ചുവരുകയാണെന്ന് സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
അടുത്തിടെ എം.പി ഫൈസല്‍ മുഹമ്മദ് അല്‍കന്ദരി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കരടുനിര്‍ദേശമാണ് നിയമകാര്യസമിതി പരിഗണിക്കുന്നത്. 100 ദീനാറില്‍ കുറവുള്ള സംഖ്യയാണ് അയക്കുന്നതെങ്കില്‍ രണ്ടു ശതമാനം, 100 ദീനാറിനും 500 ദീനാറിനും ഇടക്കുള്ള തുകയാണെങ്കില്‍ നാലു ശതമാനം, 500 ദീനാറിന് മുകളിലുള്ള സംഖ്യയാണെങ്കില്‍ അഞ്ചു ശതമാനം എന്നിങ്ങനെ നികുതി ഈടാക്കണമെന്നാണ് കരടുനിര്‍ദേശത്തിലുള്ളത്. ധനമന്ത്രാലയം പുറത്തിറക്കുന്ന ഫിനാന്‍ഷ്യല്‍ സ്റ്റാമ്പുകള്‍ വഴിയായിരിക്കണം നികുതിസമാഹരണം.
ഇവ അംഗീകാരമുള്ള എക്സ്ചേഞ്ച് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ലഭ്യമാക്കണം. ഇതുവഴിയല്ലാതെ അനധികൃതമായി പണമയക്കുന്നവര്‍ക്ക് ആറു മാസംവരെ തടവും 10,000 ദീനാറില്‍ കൂടാത്ത പിഴയും ശിക്ഷയായി നല്‍കണം തുടങ്ങിയ ശിപാര്‍ശകളും കരടുനിര്‍ദേശത്തിലുണ്ട്. ധനകാര്യസമിതി അംഗീകാരം നല്‍കുകയാണെങ്കില്‍ നിര്‍ദേശം വീണ്ടും പാര്‍ലമെന്‍റിന്‍െറ പരിഗണനക്കത്തെും. തുടര്‍ന്ന് രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ചര്‍ച്ചയാണ് ബില്ലിന്‍െറ ഗതി നിര്‍ണയിക്കുക. വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം സമീപകാലത്താണ് ശക്തമായത്. ഫൈസല്‍ അല്‍കന്ദരിക്ക് മുമ്പ് എമിഗ്രേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ കൂടിയായ കാമില്‍ അല്‍അവദി, ഖലീല്‍ അബ്ദുല്ല എന്നീ എം.പിമാരും ഇതേ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും ഇന്ധന, ജല, വൈദ്യുതിരംഗങ്ങളിലും വിദേശികള്‍ സബ്സിഡി നിരക്കില്‍ സേവനങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ അവര്‍ സ്വദേശത്തേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്‍െറ ന്യായമായ അവകാശമാണെന്നാണ് എം.പിമാര്‍ വാദിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് രാജ്യത്തെ 30 ലക്ഷത്തോളം വിദേശികള്‍ അഞ്ചു വര്‍ഷത്തിനിടെ തങ്ങളുടെ രാജ്യങ്ങളിലേക്ക് 2100 കോടി ദീനാറാണ് അയച്ചത്. അതായത്, പ്രതിവര്‍ഷം ശരാശരി 420 കോടി ദീനാര്‍. ഇതുകൊണ്ടുതന്നെ തങ്ങളുടെ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ വിദേശികള്‍ അയക്കുന്ന പണത്തിനുള്ള നികുതിവഴി 20 കോടിയിലേറെ ദീനാര്‍ പൊതുഖജനാവില്‍ എത്തുമെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
