‘ജിഷയുടെ നീതിക്കായ്’ വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രതിഷേധദിനം ആചരിച്ചു
text_fieldsകുവൈത്ത് സിറ്റി: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥി ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രതിഷേധദിനം ആചരിച്ചു. ‘ജിഷയുടെ നീതിക്കായ്’ എന്ന തലക്കെട്ടില്‍ ഏഴു കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ അരങ്ങേറി. റിഗ്ഗയി, ഫര്‍വാനിയ, സാല്‍മിയ, ഫഹാഹീല്‍, അബൂഹലീഫ, അങ്കറ, അബ്ബാസിയ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധ സംഗമങ്ങളില്‍ നൂറുകണക്കിന് പേര്‍ സംബന്ധിച്ചു. പ്ളക്കാര്‍ഡുകളുയര്‍ത്തിയും മെഴുകുതിരി കത്തിച്ചും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സംഗമത്തില്‍ പങ്കുചേര്‍ന്നു.
ജിഷയുടെ കൊലപാതകത്തിന്‍െറ പ്രാഥമിക ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇപ്പോള്‍ കണ്ണീര്‍ പൊഴിക്കുന്ന രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഇതുവരെ എവിടെയായിരുന്നു എന്നും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തവര്‍ ചോദിച്ചു. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഭൂരഹിതകേരളം പദ്ധതി ഇപ്പോഴും കടലാസ്സില്‍ മാത്രമാണ്. പട്ടയമേളകള്‍ നടത്തി ആയിരക്കണക്കിന് പേര്‍ക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിതരണം ചെയ്ത ഭൂമി ഇതുവരെ ലഭ്യമായിട്ടില്ല. പൗരന്മാരുടെ അടിസ്ഥാനാവശ്യങ്ങളെ പരിഗണിക്കാതെ നടത്തുന്ന തലതിരിഞ്ഞ വികസനത്തിന്‍െറ അവസാനത്തെ ഇരയാണ് ജിഷ.
കടുത്ത സമ്മര്‍ദങ്ങളെ തരണം ചെയ്ത് പുറമ്പോക്കില്‍ താമസിക്കുന്ന ജിഷയുടെ കുടുംബത്തിന് ചെറുതാണെങ്കിലും ഒരു വീട് നിര്‍മിച്ച് നല്‍കാന്‍ മുന്നില്‍നിന്നത് വെല്‍ഫെയര്‍ പാര്‍ട്ടി മാത്രമാണ്.
ജിഷയുടെ ഘാതകരെ കണ്ടത്തെി അര്‍ഹമായ ശിക്ഷ നല്‍കി കുടുംബത്തിന് നീതി ലഭ്യമാക്കുംവരെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും വെല്‍ഫെയര്‍ കേരള നേതാക്കള്‍ പറഞ്ഞു. പ്രസിഡന്‍റ് ഖലീലുറഹ്മാന്‍, വൈസ് പ്രസിഡന്‍റ് അനിയന്‍കുഞ്ഞ്, സെക്രട്ടറി റസീന മുഹ്യുദ്ദീന്‍, ട്രഷറര്‍ ഷൗക്കത്ത് വളാഞ്ചേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. മൊയ്തു, റഫീഖ് ബാബു എന്നിവര്‍ പ്രതിഷേധ സംഗമങ്ങളില്‍ സംസാരിച്ചു.
ജിഷയുടെ കൊലപാതകം: ഐവ അപലപിച്ചു
കുവൈത്ത് സിറ്റി: ദലിത് വിദ്യാര്‍ഥി ജിഷയുടെ ക്രൂരമായ കൊലപാതകത്തെ ഇസ്ലാമിക് വിമന്‍സ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അപലപിച്ചു. സ്ത്രീകള്‍ക്ക് അര്‍ഹമായ അംഗീകാരവും അധികാര പങ്കാളിത്തവും നല്‍കാന്‍ തയാറില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളും മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാത്ത സാമൂഹികവ്യവസ്ഥയും പെരുമ്പാവൂര്‍ സംഭവത്തിലെ കുറ്റക്കാരാണ്. സാന്ത്വനത്തിന്‍െറ പേരില്‍ പെരുമ്പാവൂരിലേക്ക് വണ്ടികയറുന്ന നേതാക്കള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.
ദുരന്തങ്ങളുണ്ടാകുമ്പോള്‍ പരസ്പരം പഴിചാരുന്ന രാഷ്ട്രീയ സംഘടനകളും സഹായങ്ങള്‍ പ്രഖ്യാപിച്ച് മേനിനടിക്കുന്ന അധികാരികളും സ്ത്രീശാക്തീകരണത്തിലും മൗലികാവകാശ സംരക്ഷണത്തിലും പിന്തിരിപ്പന്‍ നിലപാടുകളുടെ ഉപാസകരാണ്. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടാത്തതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ഐവ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.