സര്‍ക്കാര്‍ വിഭാഗം പിന്‍വാങ്ങി; യമന്‍ ചര്‍ച്ച അലസി
text_fieldsകുവൈത്ത് സിറ്റി: സംഘര്‍ഷമേഖലയായ യമനില്‍ സമാധാനം പുന$സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് കുവൈത്തില്‍ നടത്തിവന്ന സമാധാന ചര്‍ച്ച അലസിപ്പിരിഞ്ഞു. കഴിഞ്ഞമാസം 10 മുതല്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ ഹൂതി വിഭാഗം ലംഘിച്ചെന്നാരോപിച്ച് സര്‍ക്കാര്‍ വിഭാഗം പിന്മാറിയതാണ് കാരണം. ചര്‍ച്ച അലസിയതായി നേതൃത്വം നല്‍കിയിരുന്ന ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മാഈല്‍ വലദുശൈഖ് അഹ്മദ് സ്ഥിരീകരിച്ചു.
ശനിയാഴ്ച വൈകീട്ട് അമ്രാന്‍ പ്രവിശ്യയിലെ ഉമലിഖ സൈനിക ക്യാമ്പ് ഹൂതി വിഭാഗം ആക്രമിച്ചതാണ് സര്‍ക്കാര്‍ വിഭാഗത്തെ ചൊടിപ്പിച്ചത്. ഉമലിഖ ക്യാമ്പ് ആക്രമണത്തോടെ ഹൂതി വിഭാഗത്തിന്‍െറ തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണെന്നും ഇതുമൂലം തങ്ങള്‍ ചര്‍ച്ചയില്‍നിന്ന് പിന്‍വാങ്ങുകയാണെന്നും സര്‍ക്കാര്‍ വിഭാഗം പ്രതിനിധിസംഘം മേധാവിയും യമന്‍ വിദേശകാര്യ മന്ത്രിയുമായ അബ്ദുല്‍ മലിക് അല്‍മിഖ്ലാഫി വ്യക്തമാക്കി. സൈനിക ക്യാമ്പില്‍നിന്ന് പിന്‍വാങ്ങുകയും വെടിനിര്‍ത്തല്‍ ലംഘിക്കില്ളെന്ന് വ്യക്തമായ ഉറപ്പു കിട്ടുകയും ചെയ്യുന്നതുവരെ നേരിട്ടും അല്ലാതെയുമുള്ള എല്ലാവിധ ചര്‍ച്ചകളും നിര്‍ത്തിവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സമാധാനം കാംക്ഷിക്കാത്തവരാണ് ഇല്ലാത്ത കാരണങ്ങളും ന്യായീകരണങ്ങളും സൃഷ്ടിച്ച് ചര്‍ച്ചയില്‍നിന്ന് പിന്മാറുന്നതെന്നായിരുന്നു ഹൂതി വിഭാഗം വക്താവ് മുഹമ്മദ് അബ്ദുസ്സലാം പ്രതികരിച്ചത്. സൈനിക ക്യാമ്പ് ആക്രമണത്തെക്കുറിച്ചോ വെടിനിര്‍ത്തല്‍ ലംഘന ആരോപണത്തെക്കുറിച്ചോ പരാമര്‍ശിക്കാന്‍ അദ്ദേഹം തയാറായില്ല. കഴിഞ്ഞമാസം 21ന് കുവൈത്തില്‍ മധ്യസ്ഥ ചര്‍ച്ച തുടങ്ങിയശേഷം ആശാവഹമായ പുരോഗതി ഉണ്ടായിവരവെയാണ് അപ്രതീക്ഷിത തിരിച്ചടി. ഇതുവരെ മധ്യസ്ഥര്‍ വഴി മാത്രം നടന്നിരുന്ന ചര്‍ച്ചയില്‍ ശനിയാഴ്ച ആദ്യമായി ഇരുവിഭാഗവും നേര്‍ക്കുനേര്‍ ഇരുന്ന് സംസാരിക്കുന്ന അവസ്ഥ സംജാതമായിരുന്നു.
എന്നാല്‍, അന്നുതന്നെയുണ്ടായ സൈനിക ക്യാമ്പ് ആക്രമണം എല്ലാം തകിടംമറിച്ചു. അപ്രതീക്ഷിത സംഭവവികാസങ്ങളില്‍ നിരാശയുണ്ടെന്നും ഇരുവിഭാഗങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇസ്മാഈല്‍ വലദുശൈഖ് അഹ്മദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.