പ്രവാസം അവസാനിപ്പിച്ച് പോകുന്നവരെ ഉപയോഗിച്ച് വ്യാപക ഇന്‍റര്‍നെറ്റ് കണക്ഷന്‍ തട്ടിപ്പ്
text_fieldsഫര്‍വാനിയ: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നവരെ ഉപയോഗപ്പെടുത്തി ഇന്‍റര്‍നെറ്റ് പോസ്റ്റ്പെയ്ഡ് കണക്ഷനുകളെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ കുവൈത്തില്‍ വിലസുന്നു. മറ്റുള്ളവരുടെ സിവില്‍ ഐഡി ഉപയോഗിച്ച് അവരറിയാതെ ഇത്തരം തട്ടിപ്പ് നടത്തുന്നതിനെതിരെ ആളുകള്‍ ഏറക്കുറെ ബോധവാന്മാരായപ്പോഴാണ് പുതിയ തട്ടിപ്പുമായി സംഘങ്ങള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. പിന്നീട് ശല്യപ്പെടുത്താന്‍ വരില്ളെന്ന് ഉറപ്പുള്ളതിനാല്‍ കുവൈത്ത് വിട്ട് നാട്ടിലേക്ക് പോകുന്നവരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. ഇതിനായി നിരവധി ഏജന്‍റുമാരും മൊബൈല്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
വിദേശികള്‍ ഏറെ താമസിക്കുന്ന ഫര്‍വാനിയ, അബ്ബാസിയ, ഹവല്ലി പ്രദേശങ്ങളിലൊക്കെ സമീപകാലത്ത് ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏജന്‍റുമാര്‍ നാട്ടിലേക്ക് പോകുന്നവരെ സമീപിച്ച് പോസ്റ്റ് പെയ്ഡ് ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ എടുക്കാന്‍ സഹായിച്ചാല്‍ 500 ദീനാറും ഒരു സ്മാര്‍ട്ട് ഫോണും ഓഫര്‍ ചെയ്യുന്നതാണ് തട്ടിപ്പിന്‍െറ തുടക്കം. ഇതിന് തയാറാവുന്നവരെ നിരവധി പേപ്പറുകളില്‍ ഒപ്പും വിരലടയാളവും പതിപ്പിച്ചശേഷം തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുള്ള മൊബൈല്‍ കടകളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഈ കടകളില്‍നിന്ന് അപ്പോള്‍ തന്നെ 500 ദീനാറും സ്മാര്‍ട്ട് ഫോണും നല്‍കിയശേഷം നേരത്തേ ഒപ്പിട്ട് തയാറാക്കിവെച്ച രേഖകളും ഒപ്പിട്ട സിവില്‍ ഐഡി പകര്‍പ്പും വാങ്ങുന്നു.
ഇന്‍റര്‍നെറ്റ് കണക്ഷന് ബാങ്ക് അക്കൗണ്ട് ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ചെയ്തുകൊടുക്കുന്നു. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനാവശ്യമായ ചെലവും ഇന്‍റര്‍നെറ്റ് കണക്ഷന്‍ എടുക്കുന്നതിന്‍െറ ഡൗണ്‍ പെയ്മെന്‍റുമെല്ലാം തട്ടിപ്പ് സംഘം തന്നെയാണ് നല്‍കുക. ഒരു ചെലവുമില്ലാതെ 500 ദീനാറും സ്മാര്‍ട്ട് ഫോണും ലഭിക്കുന്നതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് തട്ടിപ്പ് സംഘത്തിന്‍െറ വലയില്‍വീഴുന്നത്.
തട്ടിപ്പിന്‍െറ ഗൗരവം അറിയാതെയാണ് മിക്കവരും ഇതിന് തലവെച്ചുകൊടുക്കുന്നത്. ഇത്തരത്തില്‍ ഒപ്പിട്ടുകൊടുക്കുന്ന പേപ്പറുകള്‍ ഉപയോഗിച്ച് നിരവധി ഇന്‍റര്‍നെറ്റ് കണക്ഷനുകളാണ് തട്ടിപ്പ് സംഘങ്ങള്‍ എടുക്കുന്നത്. നാട്ടില്‍പോകുന്ന തീയതി ചോദിച്ചുമനസ്സിലാക്കി സിവില്‍ ഐഡി കാന്‍സല്‍ ചെയ്യുന്ന സമയത്തിനുമുമ്പായി ഇവര്‍ ഒപ്പിട്ട പേപ്പറുകള്‍ പരമാവധി ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ എടുക്കാന്‍ ഉപയോഗപ്പെടുത്തുകയാണ് തട്ടിപ്പുസംഘങ്ങള്‍ ചെയ്യുന്നത്. തങ്ങള്‍ ഒപ്പിട്ട പേപ്പറുകള്‍ ഉപയോഗിച്ച് എടുക്കുന്ന ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ തങ്ങളെ കെണിയിലകപ്പെടുത്തുമോ എന്ന് ഭയപ്പെടുന്നവരെ ഇന്‍റര്‍നെറ്റ് പാക്കേജില്‍ മൂന്നു മാസത്തില്‍ കൂടുതല്‍ അടവ് ബാക്കിയായാല്‍ മാത്രമേ യാത്രാവിലക്ക് അടക്കമുള്ള നടപടികളുണ്ടാവൂ എന്നും അപ്പോഴേക്കും നിങ്ങള്‍ നാട്ടിലത്തെില്ളേ എന്നും പറഞ്ഞാണ് സമാധാനിപ്പിക്കുന്നത്. നാട്ടിലേക്ക് പോയശേഷം നടപടിയുണ്ടായാലും മറ്റു ജി.സി.സി രാജ്യങ്ങളിലേക്ക് പോകുന്നതിന് തടസ്സമുണ്ടാവില്ളെന്നും കുവൈത്തിലേക്കുതന്നെ തിരിച്ചുവരണമെങ്കില്‍ ഈ തുക തിരിച്ചടച്ചാല്‍ മതിയെന്നുമാണ് തട്ടിപ്പുസംഘം പറഞ്ഞുവിശ്വസിപ്പിക്കുന്നത്. ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ പോസ്റ്റ്പെയ്ഡായതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് പരമാവധി ഉപയോഗിക്കുകയോ മറ്റുള്ളവര്‍ക്ക് വന്‍തുക വാങ്ങി കൈമാറുകയോ ആണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. കണക്ഷന്‍ മറ്റുള്ളവരുടെ പേരിലായതിനാല്‍ തുടര്‍നടപടികളൊന്നും ഇവരെ ബാധിക്കുകയുമില്ല. നേരത്തേ, മറ്റുള്ളവരുടെ സിവില്‍ ഐഡി കൈക്കലാക്കി വന്‍തുകയുടെ മൊബൈല്‍ ഫോണുകളും ഇന്‍റര്‍നെറ്റ് കണക്ഷനുകളും എടുക്കുന്ന സംഘങ്ങള്‍ കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സജീവമായിരുന്നു. നഷ്ടപ്പെട്ടുപോകുന്നവ മുതല്‍ കവര്‍ച്ചയിലൂടെ ലഭിക്കുന്ന സിവില്‍ഐഡികള്‍ വരെ ഉപയോഗിച്ച് ഒരാളുടെ പേരില്‍ നാലും അഞ്ചും മൊബൈല്‍ ഫോണുകളും ഇന്‍റര്‍നെറ്റ് കണക്ഷനുകളും വരെ എടുത്ത സംഭവമുണ്ടായിരുന്നു. നിരവധി മലയാളികളും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരകളായതിനെ തുടര്‍ന്ന് യൂത്ത് ഇന്ത്യ മുന്‍കൈയെടുത്ത് പലര്‍ക്കും നിയമസഹായം ലഭ്യമാക്കുകയും കോടതിയില്‍ നിരപരാധിത്വം തെളിയിച്ച് വന്‍തുക അടക്കുന്നതില്‍നിന്നും യാത്രാവിലക്കില്‍നിന്നും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ആളുകള്‍ ബോധവാന്മാരായതിനെ തുടര്‍ന്ന് ഇത്തരം തട്ടിപ്പുകള്‍ കുറഞ്ഞുവരവെയാണ് പുതിയ രൂപത്തില്‍ തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
