വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി –ഡി.ജി.സി.എ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തദിവസങ്ങളില്‍ അധികരിച്ച തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കി ഒരാഴ് ചക്കകം തിരക്ക് നിയന്ത്രണവിധേയമാകുമെന്ന് ഡി.ജി.സി.എ ജനറല്‍ ഡയറക്ടര്‍ യൂസുഫ് അല്‍ ഫൗസാന്‍ വ്യക്തമാക്കി. രാജ്യത്തിന് പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്കുള്ള പ്രവേശന മേഖല കൂടുതല്‍ വിശാലമാക്കും.
എല്ലാ യാത്രക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഗേറ്റ്, സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും മാത്രമായി ഒരു ഗേറ്റ്, ഫസ്റ്റ് ക്ളാസ്, ബിസിനസ് ക്ളാസ്, വിമാനജീവനക്കാര്‍ എന്നിവര്‍ക്ക് മറ്റൊരു ഗേറ്റ് എന്നിങ്ങനെയാണ് സംവിധാനിക്കുക. പുതുതായി ഏഴ് എക്സ്റേ സ്കാനിങ് മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. അഞ്ചെണ്ണം കൂടി ഒരാഴ്ചക്കകം നിലവില്‍വരും. ഡിപ്പാര്‍ച്ചര്‍ കൗണ്ടറുകളുടെ എണ്ണം നിലവിലെ 12ല്‍നിന്ന് 22 ആയും അറൈവല്‍ കൗണ്ടറുകളുടെ എണ്ണം 10ല്‍നിന്ന് 20 ആയും ഉയര്‍ത്തും. കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് അവയെ പ്രധാന കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്.
എല്ലാ കൗണ്ടറുകളിലും യാത്രക്കാരുടെ ലഗേജുകളും ഹാന്‍ഡ്ബാഗുകളും പരിശോധിച്ച് ഭാരം കണക്കാക്കുന്നതിന് പുതിയ സംവിധാനം നടപ്പാക്കും. ജി.സി.സി പൗരന്മാര്‍ക്കും മറ്റു വിദേശ രാജ്യക്കാര്‍ക്കും വെവ്വേറെ കൗണ്ടറുകള്‍ എന്നത് നിലവിലുള്ളതുപോലെ തുടരും. നിലവില്‍ മണിക്കൂറില്‍ പുറത്തേക്കുപോകുന്ന 2,000 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ട്. വേനലവധിക്കാലമായതിനാല്‍ ഇതിലും കൂടുതല്‍ യാത്രികര്‍ എത്തുന്നതാണ് തിരക്ക് വര്‍ധിക്കാനിടയാക്കുന്നതെന്നും പുതിയ സംവിധാനങ്ങള്‍ വരുന്നതോടെ ഇത് പ്രശ്നം പരിഹരിക്കാനാവുമെന്നും യൂസുഫ് അല്‍ഫൗസാന്‍ പറഞ്ഞു. വിമാനത്താവളത്തില്‍ പ്രയാസപ്പെടുന്ന യാത്രക്കാരെ സഹായിക്കാന്‍ പുതുതായി 200 സഹായികളെ നിയോഗിച്ചിട്ടുണ്ടെന്നും ഫോസ്ഫറസ് യൂനിഫോം ധരിച്ച ഇവരുടെ സേവനം ഏതുഘട്ടത്തിലും യാത്രക്കാര്‍ക്ക് തേടാമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിന് പുറത്തെ പാര്‍ക്കിങ് മേഖലയിലെ സൗകര്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവിടെ പുതിയ പാര്‍ക്കിങ് ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനത്താവളത്തില്‍ പുതിയ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് കുറച്ചുദിവസങ്ങളായി തിരക്ക് നിയന്ത്രണാതീതമായത്. വിമാനത്താവളത്തിലെ സുരക്ഷാസംവിധാനം പരിശോധിക്കുന്നതിനായി എത്തിയ അമേരിക്കയില്‍നിന്നുള്ള പ്രത്യേക സുരക്ഷാസംഘം നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതായിരുന്നു കാരണം. ആദ്യപരിശോധനക്കുശേഷം അകത്തേക്ക് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയ ഹാന്‍ഡ്ബാഗുകളുള്‍പ്പെടെ ലഗേജുകളില്‍ വീണ്ടും സൂക്ഷ്മപരിശോധന നടത്തുന്നതിനാണ് അടുത്തിടെ തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
