രാജ്യത്തിന്‍െറ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് 55 വയസ്സ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എന്ന കൊച്ചുരാജ്യത്തിന് ഇന്ന് 55 വയസ്സ് തികഞ്ഞു. 1961 ജൂണ്‍ 19നാണ് കുവൈത്ത് ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയത്. അതിന് തൊട്ടടുത്ത മൂന്നുവര്‍ഷം ജൂണ്‍ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്. എന്നാല്‍, 1964ല്‍ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിന്‍െറ ശില്‍പി എന്നറിയപ്പെടുന്ന, രാജ്യത്തിന്‍െറ 11ാമത് ഭരണാധികാരി അമീര്‍ ശൈഖ് അബ്ദുല്ല അല്‍സാലിം അസ്സബാഹിന്‍െറ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25ന്‍െറ സ്മരണയില്‍ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിച്ചതോടെ യഥാര്‍ഥ സ്വാതന്ത്ര ദിനത്തിന്‍െറ നിറംമങ്ങുകയായിരുന്നു.
പിന്നീട് അതിന് തൊട്ടടുത്ത ദിവസം തന്നെ ഇറാഖി അധിനിവേശത്തില്‍നിന്ന് മുക്തി നേടിയ വിമോചനദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികള്‍ ദേശീയ ആഘോഷദിനങ്ങളായി മാറി. 17ാം നൂറ്റാണ്ടില്‍ തന്നെ സ്വതന്ത്ര രാജ്യമായിരുന്ന കുവൈത്ത് ബ്രിട്ടന്‍െറ സംരക്ഷണത്തിലായത് 1899 ജനുവരി 23നാണ്. കുവൈത്തിന്‍െറ ഏഴാമത്തെ ഭരണാധികാരി ശൈഖ് മുബാറക് ബിന്‍ സബാഹാണ് അന്നത്തെ വന്‍ശക്തിയായിരുന്ന ബ്രിട്ടന്‍െറ സംരക്ഷണത്തില്‍ കഴിയാന്‍ കരാറൊപ്പിട്ടത്. മേഖലയില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷാന്തരീക്ഷത്തില്‍ സുരക്ഷ കൊതിച്ചായിരുന്നു കുവൈത്തിന്‍െറ നീക്കമെങ്കിലും പശ്ചിമേഷ്യയില്‍ പിടിമുറുക്കാനുള്ള സാമ്രാജ്യത്വ ശക്തിയുടെ അജണ്ടക്ക് നിന്നുകൊടുക്കുന്ന അവസ്ഥയായി ഫലത്തില്‍ അത്. കരാര്‍ പ്രകാരം കുവൈത്തിന്‍െറ ഭരണാധികാരിക്ക് പ്രാദേശിക ഭരണത്തിന്‍െറ ചുമതലയും വിദേശനയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അധികാരം ബ്രിട്ടനുമായി. 1950ല്‍ അധികാരത്തിലേറിയ ശൈഖ് അബ്ദുല്ല അല്‍സാലിം അസ്സബാഹ് 1961ല്‍ സംരക്ഷണ കരാര്‍ അവസാനിപ്പിക്കുകയും കുവൈത്തിനെ പൂര്‍ണ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ച കരാറില്‍ ശൈഖ് അബ്ദുല്ല അല്‍സാലിം അസ്സബാഹും അറേബ്യന്‍ ഗള്‍ഫിലെ ബ്രിട്ടീഷ് കമീഷണര്‍ ജോര്‍ജ് മിഡില്‍ട്ടണും ഒപ്പുവെച്ച ദിനമാണ് 1961 ജൂണ്‍ 19. ആധുനിക കുവൈത്തിന്‍െറ തുടക്കം ഇവിടെനിന്നായിരുന്നു. അടിസ്ഥാനകാര്യങ്ങളില്‍ ഊന്നി രാജ്യം കെട്ടിപ്പടുത്ത ശൈഖ് അബ്ദുല്ല അല്‍സാലിം അസ്സബാഹ് രാഷ്ട്രശില്‍പിയായി വാഴ്ത്തപ്പെട്ടു. തുടര്‍ന്നുവന്ന ഭരണാധികാരികളെല്ലാം നാടിനെ ലോകത്തിന്‍െറ മുന്‍നിരയിലേക്ക് ഉയര്‍ത്തി. എണ്ണയുടെ കണ്ടത്തെലിന് ശേഷം കുവൈത്തിന് ലോകഭൂപടത്തില്‍ നിര്‍ണായക സ്ഥാനം ലഭിക്കുകയും വികസനക്കുതിപ്പിന് വേഗം ലഭിക്കുകയും ചെയ്തു. രാഷ്ട്രശില്‍പിയുടെ ദീര്‍ഘവീക്ഷണവും എണ്ണ നല്‍കിയ കുതിപ്പുമാണ് കുവൈത്തിനെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയത്. തുടര്‍ന്നുവന്ന ശൈഖ് സബാഹ് അല്‍സാലിം അസ്സബാഹും ശൈഖ് ജാബിര്‍ അല്‍അഹ്മദ് അസ്സബാഹും നിലവിലെ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും അതേ പാതയിലൂടെ തന്നെയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
