Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിര്‍ദേശം പാലിക്കാത്ത...

നിര്‍ദേശം പാലിക്കാത്ത സുരക്ഷാ  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി 

text_fields
bookmark_border

കുവൈത്ത് സിറ്റി: മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്. 
ഇത്തരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും അവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് ഉത്തരവിട്ടതായി മന്ത്രാലയത്തിലെ ഇന്‍സ്പെക്ഷന്‍ ആന്‍ഡ് സര്‍വിയലന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ശിഹാബ് അല്‍ശിമ്മരി അറിയിച്ചു. 
പൊതുസ്ഥലങ്ങളില്‍ സുരക്ഷാ ഡ്യൂട്ടി നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ കുറിച്ച് പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം വിഷയം ഗൗരവമായെടുത്തത്. പല ഉദ്യോഗസ്ഥരും ക്രമസമാധാനപാലനം മുഖ്യമായി കാണാതെ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. മാര്‍ക്കറ്റുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രമസമാധാനപാലനവും ട്രാഫിക് നിയന്ത്രണവും മേലുദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന രീതിയില്‍തന്നെ നിര്‍വഹിക്കണമെന്ന് കാണിച്ച് ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ശിഹാബ് അല്‍ ശിമ്മരി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന നിരീക്ഷണത്തിന് ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ഗാസി അല്‍ ഉമര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാ സംവിധാനങ്ങളൊരുക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന്‍െറ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. 
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികളുണ്ടാവും. കേസ് രജിസ്റ്റര്‍ ചെയ്യുകയും അവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇതോടൊപ്പം, വിവിധ കേസുകളില്‍ കസ്റ്റഡിയിലെടുത്തവരുടെയും അറസ്റ്റ് ചെയ്യപ്പെട്ടവരുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ല എന്നുറപ്പുവരുത്താനും ആഭ്യന്തര 
മന്ത്രാലയം ശ്രമിക്കുമെന്ന് അല്‍ ശിമ്മരി അറിയിച്ചു. ഇത്തരത്തിലുള്ള പരാതികള്‍ ലഭിക്കുന്ന മുറക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait laws
Next Story