രണ്ടര വര്‍ഷം മുമ്പ് കുവൈത്തിലത്തെിയ നാല് ഇന്ത്യന്‍ നാവികര്‍ ദുരിതത്തില്‍
text_fieldsകുവൈത്ത് സിറ്റി: രണ്ടര വര്‍ഷം മുമ്പ് കുവൈത്തിലത്തെിയ കപ്പലിലെ ഇന്ത്യക്കാരായ നാലു നാവികര്‍ തിരിച്ചുപോകാനാവാതെ പ്രയാസത്തില്‍. കപ്പലില്‍ അളവില്‍ കൂടുതല്‍ ഡീസല്‍ ശേഖരം കണ്ടത്തെിയതാണ് ഇന്ത്യന്‍ നാവികര്‍ക്ക് വിനയായത്. ഇറാന്‍കാരന്‍ മുഹമ്മദ് ഗാനിഫിന്‍െറ ഉടമസ്ഥതയിലുള്ള ‘ജനാന്‍’ ചരക്കുകപ്പലിലെ ജോലിക്കാരായ പഞ്ചാബുകാരനായ സാവിഷ് സിങ്, ബിഹാറില്‍നിന്നുള്ള രാജേഷ് കുമാര്‍, രാജസ്ഥാന്‍കാരനായ രാംസ്വരൂപ്, പശ്ചിമ ബംഗാളില്‍നിന്നുള്ള ജബ്ബാര്‍ അലി മണ്ഡല്‍ എന്നിവരാണ് രണ്ടര വര്‍ഷത്തിലേറെയായി കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നത്. 2013 മേയ് 13നാണ് ഇവര്‍ ജോലിക്കാരായ കപ്പല്‍ ഇറാന്‍കാരനായ ക്യാപ്റ്റന്‍ മസ്ഊദ് ഖാലിഫിന്‍െറ നേതൃത്വത്തില്‍ ശുവൈഖ് തുറമുഖത്തത്തെിയത്. കപ്പിത്താനും ലോക്കല്‍ ഏജന്‍റായ കുവൈത്തിക്കുമെതിരെ ഡീസല്‍ കള്ളക്കടത്തിന് പൊലീസ് കേസെടുക്കുകയും കപ്പലിലുണ്ടായിരുന്ന മുഴുവന്‍ പേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം ക്യാപ്റ്റന്‍ ഉള്‍പ്പെടെ മുഴുവന്‍ പേരെയും വിട്ടയച്ചെങ്കിലും കേസ് പൂര്‍ത്തിയാകാതെ കുവൈത്ത് വിടരുതെന്ന ഉപാധിവെച്ചതിനാല്‍ ആര്‍ക്കും തിരിച്ചുപോകാനായില്ല. ക്യാപ്റ്റന്‍ മസ്ഊദ് ഖാലിഫും ലോക്കല്‍ ഏജന്‍റും നിയമ പോരാട്ടത്തിലൂടെ യാത്രാവിലക്ക് മറികടന്നെങ്കിലും ഇന്ത്യന്‍ നാവികര്‍ ഇപ്പോഴും കുവൈത്തില്‍ വീട്ടുതടങ്കലില്‍ എന്ന പോലെ കഴിയുകയാണ്.
കേസില്‍ മാപ്പുസാക്ഷികളായ തങ്ങള്‍ക്ക് കേസ് കഴിയുന്നതുവരെ തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാവികരിലൊരാളായ സാവിഷ് സിങ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നാലുപേരില്‍ രാംസ്വരൂപ് ഇപ്പോള്‍ ലോക്കല്‍ ഏജന്‍റിന്‍െറ വീട്ടില്‍ പാചകക്കാരനായി കഴിയുകയാണ്. ബാക്കി മൂന്നുപേര്‍ക്കും ജോലിയോ കൂലിയോ ഇല്ല. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും കോടതിയിലായതിനാല്‍ പുറത്തിറങ്ങാന്‍പോലും കഴിയാതെ പ്രയാസപ്പെടുകയാണ് ഇവര്‍. കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങള്‍ സഹായത്തിനായി ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ളെന്ന് സാവിഷ് സിങ് പറഞ്ഞു. കപ്പല്‍ ഉടമയും സഹായിച്ചില്ല. നിലവില്‍ കുവൈത്തില്‍ കസ്റ്റഡിയിലല്ളെങ്കിലും താമസ വിസയോ മറ്റു രേഖകളോ ഇല്ലാത്തതിനാല്‍ മറ്റു ജോലികള്‍ ചെയ്യാനാവില്ല.
ഇതുമൂലം പലപ്പോഴും പട്ടിണിയാണെന്നും ഇയാള്‍ പറഞ്ഞു. സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയില്‍, ട്വിറ്റര്‍ സന്ദേശങ്ങളയച്ചിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ളെന്ന് സാവിഷ് സിങ് കൂട്ടിച്ചേര്‍ത്തു. ഇവര്‍ നിരപരാധികളാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ കേസില്‍ എത്രയും പെട്ടെന്ന് ഇടപെട്ട് ഇവരുടെ മോചനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ബ്രിട്ടന്‍ ആസ്ഥാനമായുള്ള എന്‍.ജി.ഒ ‘ന്യായ’യുടെ ചെയര്‍പേഴ്സണ്‍ അഡ്വ. ജസ് ഉപ്പല്‍ ആവശ്യപ്പെട്ടു. ‘കപ്പലില്‍ ഡീസല്‍ കടത്തിയിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം ക്യാപ്റ്റനും ഉടമക്കുമാണ്. ജോലിക്കാര്‍ മാത്രമായ ഇവര്‍ അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. ഇവര്‍ക്കല്ല കപ്പലിന്‍െറ കാര്യത്തില്‍ നിയന്ത്രണം’ -അവര്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്കാവശ്യമായ കോണ്‍സുലാര്‍ സഹായം നല്‍കുന്നതില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി പരാജയമാണെന്നും ഉപ്പല്‍ പറഞ്ഞു. ഇവര്‍ക്കെതിരായ കേസിന്‍െറ വിശദവിവരങ്ങള്‍ പോലും ആവശ്യപ്പെട്ടപ്പോള്‍ എംബസി അധികൃതര്‍ നല്‍കിയിട്ടില്ളെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
നാവികരെ അന്യായമായി തടഞ്ഞുവെക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇവരെ നാട്ടിലത്തെിക്കാന്‍ നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചതായും ജസ് ഉപ്പല്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
