ആരോഗ്യമന്ത്രി അലി അല്‍ ഉബൈദി കുറ്റവിചാരണാ പ്രമേയം അതിജീവിച്ചു
text_fieldsകുവൈത്ത് സിറ്റി: വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തനിക്കെതിരെ രണ്ട് എം.പിമാര്‍ കൊണ്ടുവന്ന കുറ്റവിചാരണാ പ്രമേയം ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദി പാര്‍ലമെന്‍റില്‍ അതിജീവിച്ചു. എം.പിമാരായ റാകാന്‍ അന്നിസ്ഫ്, ഹംദാന്‍ അല്‍ ആസിമി എന്നിവര്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന് ഒരുമാസം മുമ്പ് സമര്‍പ്പിച്ച കുറ്റവിചാരണ നോട്ടീസിലാണ് പാര്‍ലമെന്‍റില്‍ ചര്‍ച്ചനടന്നത്. ചര്‍ച്ചക്കുശേഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള 10 എം.പിമാരുടെ പിന്തുണയില്ലാത്തതിനാല്‍ നടപടിക്രമങ്ങള്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം അവസാനിപ്പിക്കുകയായിരുന്നു.
മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്കും ക്ളിനിക്കുകളിലേക്കും മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, മന്ത്രാലയത്തിലെ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളെ കമ്പ്യൂട്ടര്‍ ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പോരായ്മകള്‍, സ്വദേശികള്‍ക്കുള്ള വിദേശ ചികിത്സയുമായി ബന്ധപ്പെട്ട കെടുകാര്യസ്ഥതകള്‍, ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും നിരീക്ഷണത്തിന്‍െറ അഭാവത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതികള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ഇരുവരും മന്ത്രിയെ കുറ്റവിചാരണ നടത്തണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നത്. പൊതുമുതല്‍ വ്യാപകമായി നഷ്ടപ്പെടുന്നതിന് കാരണമാകുന്ന തരത്തിലാണ് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട കരാറുകള്‍ നടക്കുന്നതെന്നും മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും വാങ്ങുന്നതില്‍ ഇത് കണ്ടത്തൊന്‍ സാധിക്കുമെന്നും ഹംദാന്‍ അല്‍ ആസിമി എം.പി ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
മന്ത്രാലയത്തിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്‍റുകളെയും കമ്പ്യൂട്ടര്‍-ഇന്‍റര്‍നെറ്റ് ശൃംഖലവഴി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് 55 മില്യന്‍ ദീനാറിന്‍െറ കരാറില്‍ ഒരു ബ്രിട്ടീഷ് കമ്പനിയുമായാണ് ധാരണയുണ്ടാക്കിയത്. ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രാദേശിക തലത്തില്‍ നിരവധി കമ്പനികളുള്ളപ്പോഴാണ് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന കരാറില്‍ മന്ത്രാലയം ധാരണയിലത്തെിയതെന്ന് റാകാന്‍ അന്നിസ്ഫ് എം.പി ആരോപിച്ചു.
തുടര്‍ന്ന്, കുറ്റവിചാരണയെ അനുകൂലിച്ചും എതിര്‍ത്തും ചില എം.പിമാര്‍ സഭയില്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് സംസാരിച്ച മന്ത്രി അലി അല്‍ ഉബൈദി പഠനത്തിന്‍െറയും നിരീക്ഷണത്തിന്‍െറയും അടിസ്ഥാനത്തിലാണ് മന്ത്രാലയം വിദേശ കമ്പനികളുമായി ധാരണ രൂപപ്പെടുത്താറുള്ളതെന്നും പൊതുമുതല്‍ നഷ്ടപ്പെടുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും പറഞ്ഞു.
സര്‍ക്കാറിന്‍െറ ഭരണ സംവിധാനം സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പ്രമേയത്തിലെ നല്ലവശങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും മന്ത്രി പറഞ്ഞതോടെ ഭൂരിഭാഗം എം.പിമാരും മന്ത്രിയില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
