കുവൈത്തില്‍ താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച് നാടുവിടാന്‍ അവസരം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ താമസനിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് പിഴയടച്ച് താമസരേഖ പുതുക്കുന്നതിനും രാജ്യംവിടുന്നതിനും അവസരം നല്‍കി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സ്വയം തയാറായി മുന്നോട്ടുവരുന്ന താമസ നിയമലംഘകര്‍ക്ക് പിഴയടച്ച് താമസരേഖ പുതുക്കുന്നതിനും രാജ്യം വിട്ടുപോകേണ്ടവര്‍ക്ക് അതിനും അവസരം നല്‍കുന്നതാണ് ഉത്തരവ്. അഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ഹഷാഷാണ് ഇക്കാര്യം അറിയിച്ചത്. ഇളവ് ഉപയോഗപ്പെടുത്താന്‍ എല്ലാ അനധികൃത താമസക്കാരും തയറാവണമെന്നുപറഞ്ഞ ഹഷാഷ്, ഇത്തരക്കാരെ സ്വീകരിക്കാനായി രാജ്യത്തെ എല്ലാ താമസകാര്യ വകുപ്പ് ഓഫിസുകളും ഒരുങ്ങിയിരിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. ഈ ഉത്തരവ് അനധികൃത താമസക്കാരായി രാജ്യത്തുതങ്ങുന്ന ഇന്ത്യക്കാരടക്കമുള്ള നിരവധി പേര്‍ക്ക് ആശ്വാസമാവും. അതേസമയം, സ്വയം മുന്നോട്ടുവരാതെ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുകയാണെങ്കില്‍ പിഴ ഈടാക്കിയശേഷം വിരലടയാളം രേഖപ്പെടുത്തി, പിന്നീട് തിരിച്ചുവരാനാവാത്ത വിധം മാത്രമേ കയറ്റിവിടൂ എന്ന് ഹഷാഷ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചകളില്‍ രാജ്യവ്യാപകമായി നടന്ന പരിശോധനകളില്‍ പിടിയിലായ നിയമലംഘകരെ പൂര്‍ണമായി പിഴയടപ്പിച്ച് മാത്രമേ നാടുകടത്തുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. വിദേശികളോട് അവരുടെ താമസരേഖകള്‍ എപ്പോഴും കൈയില്‍ കരുതണമെന്നും സ്പോണ്‍സര്‍മാരോട് അവരുടെ തൊഴിലാളികളുടെ വിസ കാലാവധി അവസാനിക്കുന്നതിനു മുമ്പ് പുതുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇപ്പോള്‍ നല്‍കിയിരിക്കുന്ന അവസരം പൊതുമാപ്പാണ് എന്ന രീതിയില്‍ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചാരണം നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ അങ്ങനെ വ്യക്തമാക്കിയിട്ടില്ല. താമസം നിയമവിധേയമാക്കാനോ പിഴയില്ലാതെ രാജ്യംവിടാനോ പ്രത്യേക കാലാവധി നിശ്ചയിച്ചുകൊണ്ടാണ് പൊതുമാപ്പ് പ്രഖ്യാപിക്കാറുള്ളത്. ഇതോടൊപ്പം പിഴയടക്കാതെ നാടുവിടാനും അനുവദിക്കാറുണ്ട്. നിലവിലെ ഉത്തരവ് അപ്രകാരമല്ലാത്തതിനാല്‍തന്നെ ഇത് പൊതുമാപ്പ് അല്ളെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
