14 വര്‍ഷങ്ങള്‍ക്ക് ശേഷം ഫായിസ് അല്‍കന്ദരി ജന്മനാട്ടില്‍ തിരിച്ചത്തെി
text_fieldsകുവൈത്ത് സിറ്റി: അമേരിക്കയുടെ കീഴിലുള്ള കുപ്രസിദ്ധമായ ഗ്വണ്ടാനമോ തടവറയിലെ 14 വര്‍ഷത്തെ കടുത്ത പീഡനങ്ങളുടെ നടുക്കുന്ന ഓര്‍മകളുമായി കുവൈത്തി പൗരന്‍ ഫായിസ് അല്‍കന്ദരി ജന്മനാട്ടില്‍ തിരിച്ചത്തെി. ശനിയാഴ്ച പുലര്‍ച്ചെയാണ് ഫായിസിനെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക ചാര്‍ട്ടേഡ് വിമാനം കുവൈത്തിലത്തെിയത്.
രാജ്യസുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും തടവുകാരുടെ മോചനകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതി അംഗങ്ങളുമാണ് അമേരിക്കന്‍ അധികൃതരില്‍നിന്ന് ഫായിസിനെ ഏറ്റുവാങ്ങാന്‍ വ്യാഴാഴ്ച ഗ്വണ്ടാനമോയിലത്തെിയത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താളത്തില്‍നിന്ന് ഫായിസിനെ നേരെ ശാരീരിക, മാനസിക ചികിത്സകള്‍ക്കായി സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഫായിസിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പിതാവിന് മാത്രമാണ് അനുവാദം നല്‍കിയിരുന്നത്. ആനന്ദാശ്രുക്കളോടെ പിതാവ് ഫായിസിനെ സ്വീകരിച്ചു. ചികിത്സക്കായി പ്രവേശിപ്പിക്കുന്ന മിലിറ്ററി ആശുപത്രിയിലാണ് മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഫായിസിനെ സ്വീകരിക്കാന്‍ സൗകര്യം ഒരുക്കിയത്. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം മകനെ കാണാനുള്ള ആകാംക്ഷയില്‍ മാതാപിതാക്കളും സഹോദരങ്ങളും നേരത്തേ തന്നെ ആശുപത്രിയിലത്തെിയിരുന്നു.
ഫായിസിനെ വഹിച്ചുള്ള വാഹനം ആശുപത്രിയിലത്തെുമ്പോള്‍ വൈകാരികമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സന്തോഷത്തിന്‍െറ ആശ്രുകണങ്ങള്‍ പൊഴിച്ച് കെട്ടിപ്പിടിച്ചും വാരിപ്പുണര്‍ന്നുമാണ് മാതാപിതാക്കള്‍ സ്വന്തം മകനെ സ്വീകരിച്ചത്. ഫായിസ് അല്‍കന്ദരിയെ ഗ്വണ്ടനമോയില്‍നിന്ന് മോചിപ്പിച്ച് കുവൈത്ത് സര്‍ക്കാറിന് കൈമാറിയതായി വെള്ളിയാഴ്ച പെന്‍റഗണ്‍ ഒൗദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. യുദ്ധനിയമങ്ങള്‍ക്ക് അനുസൃതമായാണ് ഫായിസിനെ അഫ്ഗാനില്‍നിന്ന് പിടികൂടിയതെന്നും ഇദ്ദേഹത്തെ മോചിപ്പിക്കുന്നതിലൂടെ രാജ്യത്തിന് പ്രത്യേക ഭീഷണിയൊന്നും ഉണ്ടാവില്ളെന്നും പെന്‍റഗണ്‍ വെളിപ്പെടുത്തി. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ നിര്‍ദേശപ്രകാരം കുവൈത്തിന്‍െറ നിരന്തരമായ സമ്മര്‍ദങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് ഫായിസിനെ മോചിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് യു.എസ് വിദേശകാര്യമന്ത്രി അമേരിക്കന്‍ കോണ്‍ഗ്രസിന് കത്ത് നല്‍കിയത്.
അത് കഴിഞ്ഞ് കൃത്യം ഒരു മാസം കഴിഞ്ഞയുടനെ ഫായിസിന് മോചനം ലഭിച്ച് നാട്ടിലത്തൊനായി. മുതുക് വേദനയുള്‍പ്പെടെ നിരവധി പ്രയാസങ്ങള്‍ അനുഭവിക്കുന്നതിനാല്‍ ഫായിസിനെ വിമാനത്താവളത്തില്‍നിന്ന് നേരെ ചികിത്സക്കായി മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി. തടവറയിലെ നീണ്ടകാലത്തെ പീഡനം തളര്‍ത്തിയ ശരീരം സ്വന്തം നാട്ടില്‍ വീണ്ടെടുക്കാനുള്ള ചികിത്സയാണ് സൈനിക ആശുപത്രിയില്‍ നല്‍കുക. ചികിത്സ പൂര്‍ത്തിയായശേഷം സാധാരണ ജീവിതം വീണ്ടെടുക്കാനുള്ള പരിശീലനം നല്‍കുന്നതിന് പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിക്കും. തങ്ങള്‍ക്കെതിരെ യുദ്ധം നയിച്ചുവെന്ന കാരണം പറഞ്ഞ് 2001 ഡിസംബറിലാണ് ഫായിസിനെ അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്കന്‍ സേന പിടികൂടുന്നത്. തുടര്‍ന്ന് 2002 മേയിലാണ് യു.എസ് അധികൃതര്‍ ഫായിസിനെ കസ്റ്റഡിയിലെടുത്ത മറ്റ് കുവൈത്തികളോടൊപ്പം ഗ്വണ്ടാനമോ തടവറയിലേക്ക് മാറ്റുന്നത്.
കുവൈത്തിന്‍െറ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഗ്വണ്ടാനമോയിലെ മറ്റ് കുവൈത്തി തടവുകാരെല്ലാം ഫായിസിന് മുമ്പേ മോചിതരായി നാട്ടിലത്തെിയിട്ടുണ്ട്.
ഫായിസിന്‍െറ കൂടെ 12 വര്‍ഷത്തോളം തടവറയിലുണ്ടായിരുന്ന ഫൗസി അല്‍ ഒൗദയാണ് ഇതിന് മുമ്പ് മോചിപ്പിക്കപ്പെട്ടത്. 40 കാരനായ ഫായിസ് കൂടി മോചിതനായതോടെ ഗ്വണ്ടാനമോയില്‍ ഇനി കുവൈത്തി തടവുകാര്‍ ആരും അവശേഷിക്കുന്നില്ല. 2001ലാണ് ഫായിസ് അഫ്ഗാനിസ്താനിലേക്ക് പോകുന്നത്. കുടുംബത്തിലെ ഇളയ സന്തതിയായ ഫായിസിന്‍െറ യാത്ര കാന്‍സര്‍ ബാധിച്ച മാതാവിന്‍െറ ആഗ്രഹം നിറവേറ്റാനായിരുന്നു. പ്രിയ മാതാവ് നിര്‍ദേശിച്ചതുപ്രകാരം അഫ്ഗാനിലെ ഒരു ഗ്രാമത്തിലെ പള്ളിയുടെ അറ്റകുറ്റപ്പണി നടത്താനും രണ്ടു കിണറുകള്‍ കുഴിപ്പിക്കാനുമായിരുന്നു ആ യാത്ര. 1997ല്‍ അഫ്ഗാനിലും 1994ല്‍ ബോസ്നിയയിലും പോയിട്ടുള്ള ഫായിസിന് സന്നദ്ധപ്രവര്‍ത്തനം പുത്തരിയായിരുന്നില്ല.
എന്നാല്‍, 2011 സെപ്റ്റംബര്‍ ഒമ്പതിനുശേഷമാണ് വീണ്ടും അഫ്ഗാനിലത്തെിയത് എന്നതാണ് നിര്‍ണായകമായത്. ഫായിസ് ഭീകരപ്രവര്‍ത്തനത്തിനുതന്നെയാണ് അഫ്ഗാനിലേക്ക് പോയത് എന്നാണ് അമേരിക്കന്‍ വാദം. 2001 അവസാനത്തോടെ കുവൈത്തില്‍നിന്ന് പുറപ്പെട്ട് പാകിസ്താനിലെ ഭീകര പരിശീലന കേന്ദ്രത്തില്‍ രണ്ടുമാസം തങ്ങിയാണ് ഫായിസ് അഫ്ഗാനില്‍ അല്‍ഖാഇദക്കൊപ്പം ചേര്‍ന്നതെന്ന് അമേരിക്ക പറയുന്നു. എന്നാല്‍, ഇതൊന്നും തെളിയിക്കപ്പെട്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
