പുതുവത്സര അവധി: വിമാനത്താവളത്തില്‍ വന്‍ തിരക്ക്
text_fieldsകുവൈത്ത് സിറ്റി: പുതുവത്സരം പ്രമാണിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് കൂടി. വാരാന്ത്യ അവധിയോടൊപ്പം പുതുവത്സര അവധിയും ചേര്‍ത്ത് മൂന്നു ദിവസം രാജ്യത്തിന് പുറത്തേക്ക് ആഘോഷിക്കാന്‍ പുറപ്പെടുന്ന സ്വദേശികളും സ്വന്തം രാജ്യങ്ങളില്‍ പുതുവത്സരം ആഘോഷിക്കാന്‍ പോകുന്ന വിദേശികളുമാണ് ഇപ്പോഴത്തെ തിരക്കിന് കാരണം.
ഡിസംബര്‍ 31 മുതല്‍ ജനുവരി നാലുവരെ ദിവസങ്ങളില്‍ യാത്രക്കാര്‍ക്കായി 1360 വ്യോമ സര്‍വിസുകളാണ് വിമാനത്താവളത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 14 സര്‍വിസുകള്‍ പുതുവത്സര അവധിയുമായി ബന്ധപ്പെട്ട് അധികംവരുന്ന യാത്രക്കാര്‍ക്ക് മാത്രമായുള്ളതാണ്. ഇത്രയും സര്‍വിസുകളില്‍ 680 എണ്ണം ഇതര രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്ക് വരുന്നതും 680 സര്‍വിസുകള്‍ കുവൈത്തില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പുറപ്പെടുന്നതുമാണ്.
അവധി ദിനങ്ങള്‍ പരിമിതമായതിനാല്‍ സ്വദേശികള്‍ അധികവും ദുബൈ, ഈജിപ്തിലെ ശറമുശൈഖ്, ലബനാന്‍ തുടങ്ങിയ സമീപ രാജ്യങ്ങളിലേക്കാണ് ഉല്ലാസത്തിന് പോയത്.
അതേസമയം, ഈ അവധികളോട് ചേര്‍ത്ത് ജോലിസ്ഥലങ്ങളില്‍നിന്ന് കുറച്ചുകൂടി ദിവസങ്ങള്‍ ലീവെടുത്ത് വിദേശയാത്രക്ക് പുറപ്പെട്ടവരുമുണ്ട്. ഇത്തരം ആളുകളില്‍ പലരും ലണ്ടന്‍, പാരീസ്, അമേരിക്ക പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് പുതുവത്സരം ആഘോഷിക്കാന്‍ പുറപ്പെട്ടത്.
അതേസമയം, സ്വദേശികളില്‍നിന്നും വിദേശികളില്‍നിന്നും നല്ളൊരു ശതമാനംപേര്‍ വീണുകിട്ടിയ ചുരുങ്ങിയ അവധിയില്‍ മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ടവരാണ്.
സമാന്യം ഭേദപ്പെട്ട ജോലിയിലുള്ള വിദേശികളാണ് സാധാരണപോലെ ഇക്കുറിയും പുതുവത്സരം ആഘോഷിക്കാന്‍ തങ്ങളുടെ നാടുകളിലേക്ക് പോയത്. പുതുവത്സരം ആഘോഷിക്കാന്‍ സാല്‍മി, അബ്ദലി തുടങ്ങിയ കരമാര്‍ഗങ്ങളിലൂടെ അയല്‍രാജ്യങ്ങളിലേക്ക് പുറപ്പെട്ടവരുടെ എണ്ണത്തിലും വര്‍ധനയാണ് ഇപ്രാവശ്യം ഉണ്ടായത്.
സ്വന്തം വാഹനങ്ങളിലും അല്ലാതെയുമായി വിദേശികളും സ്വദേശികളും ഉള്‍പ്പെടെ 45,000 പേര്‍ പുതുവത്സര അവധിയോടനുബന്ധിച്ച് രാജ്യംവിട്ടിട്ടുണ്ട്.
നുവൈസീബ് അതിര്‍ത്തിവഴി 30,000 പേരും സാല്‍മി അതിര്‍ത്തി കവാടം വഴി 15000 പേരുമാണ് ഈ കാലയളവില്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര നടത്തിയത്.
കരമാര്‍ഗം യാത്ര ചെയ്തവരില്‍ അധികവും സൗദി, ബഹ്റൈന്‍ എന്നീ അയല്‍രാജ്യങ്ങളെയാണ് ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
