തൊഴിലാളിക്ക് മൂന്നുവര്‍ഷം പൂര്‍ത്തിയാകും മുമ്പ് വിസ മാറാം
text_fieldsകുവൈത്ത് സിറ്റി: സ്പോണ്‍സര്‍മാരും ജോലിക്കാരും തമ്മിലുണ്ടാകുന്ന തൊഴില്‍ പ്രശ്നങ്ങളില്‍ തൊഴിലുടമ നിയമലംഘനം നടത്തിയെന്ന് ബോധ്യപ്പെട്ടാല്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ തൊഴിലാളിക്ക് വിസ മാറാന്‍ അനുവാദമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാന്‍പവര്‍ അതോറിറ്റിയുടെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ഡോ. മദ്ലൂല്‍ അല്‍ ദുഫൈരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സാധാരണഗതിയില്‍ സ്വകാര്യമേഖലയിലെ കമ്പനികളിലും മറ്റും പുതിയ വിസയിലത്തെുന്നവര്‍ക്ക് മറ്റൊരു സ്പോണ്‍സറുടെ കീഴിലെ സ്ഥാപനത്തിലേക്ക് വിസ മാറ്റണമെങ്കില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണമെന്നതാണ് നിബന്ധന. മൂന്നു വര്‍ഷം പൂത്തിയാക്കാതെ വിസ മാറ്റം ആവശ്യപ്പെട്ടത്തെുന്ന തൊഴിലാളികളുടെ അപേക്ഷ തൊഴില്‍ കാര്യാലയം പരിഗണിക്കില്ല.
എന്നാല്‍, തൊഴിലാളിയുടെ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തില്‍ തൊഴിലുടമയുടെ ഭാഗത്തുനിന്ന് നിയമലംഘനം ഉണ്ടാവുമ്പോള്‍ അതില്‍ പരാതിപ്പെടാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്.
ഇത്തരം പരാതികള്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ പ്രത്യേകം വെബ്സൈറ്റ് വഴിയോ ട്വിറ്റര്‍ അക്കൗണ്ട് വഴിയോ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റിനെ അറിയിക്കാന്‍ നേരത്തേ തന്നെ സൗകര്യം ഉള്ളതാണ്.
ഇതുകൂടാതെ ഇപ്പോള്‍ വാട്സ്ആപ് വഴിയും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദുഫൈരി പറഞ്ഞു. സൂക്ഷ്മ തെളിവെടുപ്പില്‍ തൊഴിലുടമയാണ് നിയമലംഘനം നടത്തിയതെങ്കില്‍ മൂന്നു വര്‍ഷം തികയുന്നതിന് മുമ്പ് തൊഴിലാളിക്ക് വിസ മാറാന്‍ അര്‍ഹതയുണ്ടാകും. അതുപോലെ തൊഴിലാളിയും തൊഴിലുടമയും തമ്മിലെ കരാര്‍ നിലനില്‍ക്കുകയും ഇരുവരും തമ്മിലെ ബന്ധം നല്ലനിലയില്‍ തുടരുകയും ചെയ്യവേ, സ്പോണ്‍സര്‍മാരാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ട തൊഴിലാളിക്ക് വിസ മാറ്റത്തിന് അനുവാദമുണ്ടാകും.
നിശ്ചിത കാലപരിധി നിര്‍ണയിക്കാതെ തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യുകയും തുടര്‍ന്ന് രാജി സമര്‍പ്പിക്കുകയും സ്പോണ്‍സര്‍ അത് സ്വീകരിക്കുകയും ചെയ്താല്‍ അത്തരം ഘട്ടത്തിലും തൊഴിലാളിക്ക് വിസ മാറാം.
അതുപോലെ നിശ്ചിത കാല നിബന്ധനയില്ലാതെ ജോലിയില്‍ പ്രവേശിച്ച് മൂന്നു വര്‍ഷം ആദ്യത്തെ സ്പോണ്‍സറുടെ കീഴില്‍ പൂര്‍ത്തിയാക്കിയ തൊഴിലാളിക്കും വിസ മാറ്റത്തിന് അര്‍ഹതയുണ്ട്. ഇത്തരം ഘട്ടത്തില്‍ വിസ മാറാന്‍ പോകുന്നുവെന്ന നിയമപരമായ മുന്നറിയിപ്പ് നേരത്തേ തൊഴിലാളി സ്പോണ്‍സര്‍ക്ക് നല്‍കിയിരിക്കണം.
കരാറടിസ്ഥാനത്തിലുള്ള കാലപരിധി തീരുന്ന ഘട്ടത്തിലും തൊഴിലുടമയെ വിവരം നേരത്തെ അറിയിച്ചുകൊണ്ട് തൊഴിലാളിക്ക് വിസ മാറാന്‍ സാധിക്കും. അതേസമയം, ചില തൊഴിലാളികളെ സംബന്ധിച്ച് വിസ മാറാന്‍ അനുവാദമില്ലാത്ത ഘട്ടങ്ങളുമുണ്ട്.
സ്വകാര്യ സ്കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്ക് അധ്യയന വര്‍ഷം നടന്നുകൊണ്ടിരിക്കുമ്പോള്‍, തൊഴിലുടമയുടെ ഭാഗത്തുനിന്ന് നിയമലംഘനങ്ങള്‍ സ്ഥിരപ്പെടാതിരിക്കുകയും സ്പോണ്‍സറുടെ കീഴില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടില്ലാത്ത തൊഴിലാളികള്‍, സര്‍ക്കാറുമായി കരാറിലേര്‍പ്പെട്ട കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍, ബന്ധപ്പെട്ട തൊഴില്‍ നിയമം ലംഘിച്ച തൊഴിലാളികള്‍ എന്നിവര്‍ക്കാണ് വിസ മാറ്റത്തിന് അനുവാദമില്ലാത്തതെന്ന് ഡോ. മദ്ലൂല്‍ അല്‍ ദുഫൈരി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.