വിസ, ഇഖാമ നിരക്കുവര്‍ധന അടുത്തവര്‍ഷം ആദ്യംമുതല്‍
text_fieldsകുവൈത്ത് സിറ്റി: ആശ്രിത, സന്ദര്‍ശകവിസകള്‍ക്കും താമസാനുമതിക്കുമുള്ള നിരക്കുകള്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ വര്‍ധിപ്പിച്ചേക്കും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഷാഹിദ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈവര്‍ഷം പ്രാബല്യത്തില്‍വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിച്ചിരുന്നത്. വിസനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി 2014 അവസാനത്തിലാണ് ആഭ്യന്തരമന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചത്. വന്‍ നിരക്കുവര്‍ധനാ ശിപാര്‍ശയുമായി സമിതി കഴിഞ്ഞവര്‍ഷം ജൂലൈയോടെ ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒപ്പം, ഗതാഗത നിയമലംഘനങ്ങളുടെ പിഴയില്‍ വര്‍ധന വരുത്താന്‍ അതിനായി നിയോഗിച്ച സമിതിയും നിര്‍ദേശിച്ചു. ഇവ രണ്ടിനും ഈവര്‍ഷം ഫെബ്രുവരിയിലാണ് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹ് അംഗീകാരം നല്‍കിയത്. ആശ്രിതവിസക്കും സന്ദര്‍ശകവിസക്കുമുള്ള നിരക്കുകളില്‍ വന്‍ വര്‍ധനയാണ് ശിപാര്‍ശയിലുള്ളത്. സന്ദര്‍ശകവിസക്ക് നിലവിലെ മൂന്നു ദീനാറില്‍നിന്ന് ഒരു മാസത്തേക്ക് 30 ദീനാര്‍, രണ്ടു മാസത്തേക്ക് 60 ദീനാര്‍, മൂന്നു മാസത്തേക്ക് 90 ദീനാര്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. ആശ്രിതവിസക്ക് നിലവിലെ മൂന്നു ദീനാറില്‍നിന്ന് കനത്ത വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്ക് 300 ദീനാര്‍, ഭാര്യക്ക് 200 ദീനാര്‍, മക്കള്‍ക്ക് 150 ദീനാര്‍ എന്നിങ്ങനെയാണ് വര്‍ധന. ഇഖാമ പുതുക്കുന്നതിന് 20 ദീനാര്‍ നല്‍കണം. താല്‍ക്കാലിക ഇഖാമക്കും അതേനിരക്കുതന്നെ. ഇഖാമ കാലാവധി കഴിഞ്ഞാല്‍ നിലവില്‍ ദിവസം രണ്ടു ദീനാര്‍ വീതമുള്ള പിഴ നാലു ദീനാറായും സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞാല്‍ നിലവിലുള്ള 10 ദീനാര്‍ പിഴ 20 ദീനാറായി വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.