നയതന്ത്ര ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് കുവൈത്തിലെ ഇന്ത്യക്കാരായ അനധികൃത താമസക്കാര്‍
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി അടുത്തിടെ കുവൈത്ത് സന്ദര്‍ശിക്കുമ്പോള്‍ തങ്ങള്‍ക്ക് നാടണയാന്‍ വഴിയൊരുങ്ങുമെന്ന പ്രതീക്ഷയില്‍ കുവൈത്തിലെ ഇന്ത്യക്കാരായ അനധികൃത താമസക്കാര്‍.
29,000ത്തിലധികം ഇന്ത്യക്കാര്‍ ഇഖാമ നിയമലംഘകരായി കുവൈത്തില്‍ താമസിക്കുന്നുണ്ടെന്നാണ് എംബസിയുടെ കണക്ക്. വീട്ടുജോലിക്കിടെ ഒളിച്ചോടിയും മറ്റും അനധികൃത താമസക്കാരായി മാറിയവരാണ് ഇവരിലേറെയും. ഇവരെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അംബാസഡര്‍ സുനില്‍ ജെയിന്‍ പറഞ്ഞ കൂട്ടത്തില്‍ ഇക്കാര്യത്തില്‍ എംബസിക്കുള്ള പരിമിതികളും അദ്ദേഹം വിശദീകരിച്ചിരുന്നു. അഭയകേന്ദ്രത്തില്‍ കഴിയുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചയക്കുന്ന കാര്യത്തില്‍ കുവൈത്ത് നിയമങ്ങള്‍ മറികടന്ന് ഇടപെടാന്‍ കഴിയില്ളെന്നാണ് ഇന്ത്യന്‍ എംബസിയുടെ വിശദീകരണം.
എംബസിക്ക് വിദേശകാര്യ മന്ത്രാലയവുമായാണ് നേരിട്ട് ബന്ധമുള്ളത്. ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ വരുന്ന ഇഖാമ പ്രശ്നത്തില്‍ ഇടപെടാനുള്ള പരിമിതിയാണ് എംബസി വിശദീകരിച്ചത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ട് ചര്‍ച്ചയിലൂടെ ഒരു പൊതുപരിഹാരം ഉണ്ടാക്കുക മാത്രമാണ് വഴി. പൊതുമാപ്പ് ഉള്‍പ്പെടെ നടപടികള്‍ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയിലൂടെ വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് ഇഖാമയില്ലാത്ത പ്രവാസികള്‍. എംബസിയില്‍ അഭയം തേടിയാല്‍ എമര്‍ജന്‍സി പാസ്പോര്‍ട്ട് സംഘടിപ്പിച്ച് തിരിച്ചുപോവാന്‍ വഴിയുണ്ട്.
തിരിച്ചയക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധാരണഗതിയില്‍ മൂന്നു മുതല്‍ ആറുമാസം വരെ കാലതാമസമെടുക്കുന്നു. കേസുണ്ടെങ്കില്‍ കേസ് കഴിയുംവരെ കുവൈത്ത് വിടാനാവില്ല. എന്നാല്‍, കേസ് കൊടുക്കാതെ സ്പോണ്‍സര്‍മാര്‍ പാസ്പോര്‍ട്ട് പിടിച്ചുവെക്കുമ്പോഴാണ് കാര്യങ്ങള്‍ കുഴയുന്നത്. ഇത്തരം കേസുകളില്‍ എംബസിയില്‍നിന്ന് സ്പോണ്‍സറെ വിളിക്കാറുണ്ടെങ്കിലും കൃത്യമായ ഫോളോ അപ് ഉണ്ടാവാറില്ല.
അതിനിടെ, ഇഖാമ നിയമലംഘകരെ പിടികൂടാന്‍ കഴിഞ്ഞദിവസങ്ങളില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനയാണ് നടത്തിയത്. ഹവല്ലി, സാല്‍മിയ, ജഹ്റ, അബ്ബാസിയ, ഫഹാഹീല്‍ തുടങ്ങിയ കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ഇഖാമ നിയമലംഘകരെയാണ് പിടികൂടിയത്. ഇവരില്‍ ധാരാളം ഇന്ത്യക്കാരും പെടും. ഒരു പ്രദേശത്തേക്കുള്ള എല്ലാ വഴികളിലും ചെക് പോയന്‍റുകള്‍ തീര്‍ത്ത് കടകളിലും വാഹനങ്ങളിലും താമസസ്ഥലത്തും വരെ പഴുതടച്ച പരിശോധനയാണ് നടന്നുവന്നത്.
ഏതായാലും അനധികൃത താമസക്കാരായി കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന അംബാസഡറുടെ പ്രസ്താവന പ്രതീക്ഷക്ക് വക നല്‍കുന്നു. എംബസിയുടെ അഭയകേന്ദ്രത്തില്‍ കഴിയുന്നവര്‍ക്കാണ് ഇക്കാര്യത്തില്‍ മുന്‍ഗണന.
പത്താളുകള്‍ അടങ്ങുന്ന സംഘങ്ങളായി തിരിച്ചയക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. കുവൈത്തില്‍ താമസരേഖകള്‍ ഇല്ലാത്തതിനാല്‍ എംബസി ഷെല്‍ട്ടറിലും നാടുകടത്തല്‍ കേന്ദ്രത്തിലുമായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലത്തെിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു.
സൗദി പ്രശ്നത്തില്‍ സ്വീകരിച്ച നയതന്ത്ര സമീപനം കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളുടെ കാര്യത്തിലും വേണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രവാസി സംഘടനകളും ആവശ്യപ്പെടുന്നത്. നടപടിക്രമങ്ങളിലെ കാലതാമസം മൂലം നിരവധി പേരാണ് നാട്ടിലേക്കു മടങ്ങാനാവാതെ വിവിധ പൊലീസ് ലോക്കപ്പുകളിലും എംബസി അഭയ കേന്ദ്രത്തിലും കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.