ജഹ്റ റോഡ് പദ്ധതി 88 ശതമാനം പൂര്‍ത്തിയായതായി മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ ഗതാഗത വികസനത്തിലെ നാഴികക്കല്ലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജഹ്റ റോഡ് വികസന പദ്ധതി പ്രവര്‍ത്തനം തകൃതിയായി പുരോഗമിക്കുന്നു. ലോകത്തിലെതന്നെ വലിയ റോഡ് വികസന പദ്ധതികളിലൊന്ന് എന്ന വിശേഷണം നേടിയ പദ്ധതി സമയബന്ധിതമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയുടെ 88 ശതമാനവും പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രാലയത്തിലെ എന്‍ജിനീയറിങ് കാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി എന്‍ജി. അഹ്മദ് അല്‍ ഹസന്‍ വ്യക്തമാക്കി. പദ്ധതിയിലെ പ്രധാന പാലം ഈ വര്‍ഷാവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും.
2016 അവസാനിക്കുന്നതിന് മുമ്പായി രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റോഡ് വികസന പദ്ധതികള്‍ ഏതാണ്ട് പൂര്‍ത്തിയാകും. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ റോഡിന്‍െറ ഭാഗങ്ങള്‍ ഘട്ടംഘട്ടമായി ഗതാഗതത്തിന് തുറന്നുകൊടുക്കുകയെന്ന നയമാണ് മന്ത്രാലയത്തിന്‍േറത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ യാത്രക്കാരുടെ പ്രയാസം കുറക്കുകയെന്നതാണ് മന്ത്രാലയം ഇതിലൂടെ ഉദ്ദേശിക്കുന്നത് -അഹ്മദ് അല്‍ഹസന്‍ അറിയിച്ചു. രാജ്യത്തെ മോട്ടോര്‍വേ സംവിധാനം വികസിപ്പിക്കുന്നതിനുള്ള പൊതുമരാമത്ത് മന്ത്രാലയത്തിന്‍െറ ആസൂത്രണത്തില്‍നിന്നാണ് ജഹ്റ റോഡ് പദ്ധതി പിറവിയെടുത്തത്. 242.4 മില്യന്‍ ദീനാര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 2011 മേയ് ഒന്നിനാണ് തുടക്കമിട്ടത്. പ്രാദേശിക ട്രാഫിക് കുറച്ച് ബൈപാസ് ട്രാഫിക് സംവിധാനമൊരുക്കുക, ട്രാഫിക് ബ്ളോക്കുകളും അപകടങ്ങളും കുറച്ച് ജഹ്റ റോഡിന്‍െറ പ്രാപ്തി വര്‍ധിപ്പിക്കുക, ഭാവിയിലെ ട്രാഫിക് ആവശ്യങ്ങള്‍ നിവര്‍ത്തിക്കുക, റോഡ് സൗകര്യങ്ങളും സേവനങ്ങളും കൂട്ടുക, റോഡ് സുരക്ഷാ നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. ഷെറാട്ടണ്‍ റൗണ്ടബൗട്ട് (ജഹ്റ ഗേറ്റ് റൗണ്ടബൗട്ട്) മുതല്‍ യു.എന്‍ റൗണ്ടബൗട്ട് വരെയാണ് പദ്ധതിയില്‍ വരുന്നത്. അഞ്ചു ഘട്ടങ്ങളാണ് പദ്ധതിക്കുള്ളത്. ഒന്ന്: ഫസ്റ്റ് റിങ് റോഡ് (അല്‍ സാലിം പാലസ്) മുതല്‍ എയര്‍പോര്‍ട്ട് റോഡ് റൗണ്ടബൗട്ട് വരെ. രണ്ട്: ഹോസ്പിറ്റല്‍ റോഡ് (അല്‍ സബ മെഡിക്കല്‍ ഡിസ്ട്രിക്റ്റ്) മുതല്‍ യു.എന്‍ റൗണ്ടബൗട്ട് വരെ.
മൂന്ന്: ഗസ്സാലി റൗണ്ടബൗട്ട് മുതല്‍ ശുവൈഖ് ഹെല്‍ത്ത് റൗണ്ടബൗട്ട് വരെ. നാല്: എയര്‍പോര്‍ട്ട് റോഡ് ഗസാലി റൗണ്ടബൗട്ട് വരെ. അഞ്ച്: അല്‍ ഗസാലി റോഡ് ഇന്‍റര്‍ചേഞ്ച്. സങ്കീര്‍ണമായ രീതിയിലുള്ള പാലങ്ങളും ഉയര്‍ന്ന ഹൈവേകളും നിരവധി ഇന്‍റര്‍സെക്ഷനുകളുമുള്‍ക്കൊള്ളുന്ന പദ്ധതി അടുത്ത 100 വര്‍ഷമെങ്കിലും വലിയ മാറ്റം വരുത്താത്ത രീതിയില്‍ ഉപയോഗിക്കാനാവുമെന്നും വര്‍ധിക്കുന്ന ഗതാഗതത്തെ ഉള്‍ക്കൊള്ളാനാവുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ റോഡുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും അധികം വാഹനങ്ങള്‍ ഓടുന്നതുകൊണ്ടുള്ള ഗതാഗത, സുരക്ഷാപ്രശ്നങ്ങള്‍ ജഹ്റ റോഡ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ കുറക്കാനാവുമെന്നും അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.