വിവാഹമോചന നിരക്ക് കൂടിയതായി റിപ്പോര്‍ട്ട്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി ദമ്പതിമാര്‍ക്കിടയിലെ വിവാഹമോചന നിരക്കില്‍ പ്രതിവര്‍ഷം ആറു ശതമാനത്തിന്‍െറ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. നീതിന്യായ മന്ത്രാലയത്തിന്‍െറ സ്ഥിതിവിവര കണക്കുകള്‍ അടിസ്ഥാനമാക്കി പ്രമുഖ സാമൂഹിക-മനശ്ശാസ്ത്ര വിദഗ്ധ തഹാനി അല്‍ മുതൈരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വദേശികള്‍ക്കിടയിലെ വിവാഹമോചന നിരക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധിക്കാന്‍ പല കാരണങ്ങള്‍ പറയപ്പെടുന്നുണ്ടെങ്കിലും നേരത്തേയുള്ള വിവാഹം അതില്‍ പ്രധാനപ്പെട്ടതാണ്. ഇതര ജി.സി.സി രാജ്യങ്ങളെക്കാള്‍ കുവൈത്തില്‍ വിവാഹത്തിലേക്ക് കടക്കുന്ന പ്രായം കുറവാണ്. വിവാഹംകൊണ്ട് ഉദ്ദേശിക്കുന്ന യഥാര്‍ഥ സംഗതികളെ കുറിച്ച് കൃത്യമായ അറിവ് രൂപപ്പെടുത്താതെ ദമ്പതികളായി മാറേണ്ടിവരുന്നവര്‍ നിസ്സാര കാര്യങ്ങളിലുടക്കി ബന്ധം വേര്‍പെടുന്ന സാഹചര്യമാണുള്ളത്. സോഷ്യല്‍ മീഡിയകളുടെ വ്യാപകമായ ഉപയോഗമാണ് വിവാഹമോചനത്തിലേക്ക് എത്തിക്കുന്ന മറ്റൊരു ഘടകം. ദമ്പതികള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ഇടപെടുന്നതും മറ്റുള്ളവരുമായി സൗഹൃദം പങ്കുവെക്കുന്നതും സംശയം ജനിപ്പിക്കുന്നതിനും അതുവഴി വേര്‍പിരിയാനും ഇടയാക്കുന്നുവെന്നാണ് പഠനം. വിവാഹിതരാകുന്നതിലൂടെ വന്നുചേരുന്ന മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ദമ്പതികള്‍ തയാറാകാത്തതാണ് മറ്റൊരു കാരണം. ശരിയായ മുന്‍ഗണനാക്രമം രൂപപ്പെടുത്താതെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതും രാജ്യത്ത് വിവാഹമോചന നിരക്ക് കൂടാന്‍ ഇടയാകുന്നതായി തഹാനി അല്‍ മുതൈരി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.