വ്യക്തി സ്വാതന്ത്ര്യം, ആരോഗ്യം, സുരക്ഷ: അറബ് മേഖലയില്‍ കുവൈത്തിന് ഒന്നാം സ്ഥാനം
text_fieldsകുവൈത്ത് സിറ്റി: ജനജീവിതം സന്തോഷപ്രദവും ഐശ്വര്യപൂര്‍ണവുമാക്കുന്ന വിവിധ ഘടകങ്ങളുടെ കാര്യത്തില്‍ അറബ് മേഖലയില്‍ കുവൈത്തിന് ഒന്നാം സ്ഥാനം.
2015ല്‍ ജീവിതനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തിയ രാജ്യങ്ങളെ താരതമ്യം ചെയ്ത് ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രണ്ടാം സ്ഥാനത്ത് യു.എ.ഇയും മൂന്നാം സ്ഥാനത്ത് സൗദിയുമാണ്. സന്തുഷ്ടമായ ജീവിതം ഏറെ ആസ്വദിച്ച് കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ലോകതലത്തില്‍ നോര്‍വേയാണ് ഒന്നാം സ്ഥാനത്ത്.
സ്വിറ്റ്സര്‍ലന്‍ഡിനാണ് ലോകതലത്തില്‍ രണ്ടാംസ്ഥാനം. സാമ്പത്തിക സുസ്ഥിതി, നിക്ഷേപത്തിന് കൂടുതല്‍ അവസരം, സര്‍ക്കാര്‍ സേവനങ്ങളിലെ സുതാര്യത, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, വ്യക്തി സ്വാതന്ത്ര്യം, സാമൂഹിക ബന്ധങ്ങള്‍ തുടങ്ങിയ ഘടങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തെ 142 രാജ്യങ്ങളെയാണ് ഇക്കാര്യത്തില്‍ പഠനവിധേയമാക്കിയത്. എന്നാല്‍, ലോകതലത്തില്‍ ഈ പട്ടികയില്‍ കുവൈത്ത് 36ാം സ്ഥാനത്താണുള്ളത്. കുവൈത്തിനേക്കാള്‍ നില കൂടുതല്‍ മെച്ചപ്പെടുത്തിയ യു.എ.ഇക്ക് 30ാം സ്ഥാനമുണ്ട്. സൗദി (42), ജോര്‍ഡന്‍ (80), അല്‍ജീരിയ (96), മൊറോക്കോ (97), തുനീഷ്യ (97), ലബനാന്‍ (98), ഈജിപ്ത് (110) എന്നിങ്ങനെയാണ് വിവിധ അറബ് രാജ്യങ്ങള്‍ കരസ്ഥമാക്കിയ സ്ഥാനങ്ങള്‍. ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുന്ന സിറിയ, യമന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ പട്ടികയിലെ ഏറ്റവും പിറകിലെ സ്ഥാനങ്ങളിലാണ്. ജനങ്ങളുടെ ജീവിതസാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക 11ാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ബ്രിട്ടന്‍ 15ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.