സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി വിദേശികള്‍ക്ക് വൈകീട്ട് മാത്രമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആശുപത്രികളിലും ക്ളിനിക്കുകളിലും സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള പരിശോധനാ സമയങ്ങളില്‍ മാറ്റംവരുന്നു. രാവിലത്തെ ഒൗട്ട് പേഷ്യന്‍റ് പരിശോധന സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. വിദേശികള്‍ക്ക് വൈകീട്ട് മാത്രമായിരിക്കും പരിശോധനാ സമയം.
പുതിയ സമയക്രമം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. രാജ്യത്തെ സ്വദേശികളുടെ ഭാഗത്തുനിന്നുള്ള ഏറെ നാളെത്തെ ആവശ്യമാണ് ഇതുവഴി മന്ത്രാലയം അംഗീകരിക്കുന്നത്. മികച്ച ഡോക്ടര്‍മാരുടെയും മറ്റും സേവനം രാവിലെയാണ് ആശുപത്രികളില്‍ കൂടുതല്‍ ലഭ്യമാവുക എന്നതുകൊണ്ടുകൂടിയാണ് രാവിലെത്തെ സമയം തങ്ങള്‍ക്ക് മാത്രമായി ലഭിക്കണമെന്ന് സ്വദേശികള്‍ ആവശ്യപ്പെട്ടത്. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ജഹ്റ ആശുപത്രിയില്‍ ഈ രീതിയാണ് പ്രാബല്യത്തിലുള്ളത്. ജഹ്റ ആശുപത്രിയില്‍ ഈ സമ്പ്രദായം നടപ്പാക്കിയതോടെ സ്വദേശികളുടെയും വിദേശികളുടെയും ഭാഗത്തുനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇതാണ് എല്ലാ ആശുപത്രികളിലും ഇതേ സംവിധാനം ഏര്‍പ്പെടുത്താന്‍ കാരണമെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
മുന്‍ ആരോഗ്യമന്ത്രി ഡോ. മുഹമ്മദ് അല്‍ഹൈഫിയുടെ കാലത്താണ് ആശുപത്രികളില്‍ രാവിലെയുള്ള പരിശോധനാ സമയം സ്വദേശികള്‍ക്കും വൈകീട്ട് വിദേശികള്‍ക്കും മാത്രമാക്കി നിശ്ചയിക്കണമെന്ന ആവശ്യം ആദ്യമായി ഉയരുന്നത്. വിദേശികളോടൊപ്പം ആശുപത്രികളിലത്തെുന്ന തങ്ങള്‍ക്ക് മികച്ച പരിശോധന ലഭിക്കാത്തതിനുപുറമെ ഏറെനേരം കാത്തിരിക്കേണ്ടിയും വരുന്നുണ്ടെന്നാണ് സ്വദേശികളുടെ ഭാഗത്തുനിന്ന് പരാതിയുയര്‍ന്നത്. ഇതേതടുര്‍ന്ന് നിലവിലെ സമ്പ്രദായത്തില്‍ മാറ്റംവരുത്തുമ്പോഴുള്ള പ്രയാസങ്ങളും ഗുണങ്ങളും എന്തൊക്കെയാണെന്ന് പഠിച്ചതിനുശേഷമാണ് സമയക്രമത്തില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.
ആശുപത്രികളിലും ക്ളിനിക്കുകളിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ളെന്ന് ചില എം.പിമാരടക്കം പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രാലയം പരിഷ്കരണത്തിന് തുടക്കമിട്ടത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ മെഡിക്കല്‍ ഏരിയ കൗണ്‍സില്‍ ഇത് അംഗീകരിച്ചിരുന്നെങ്കിലും രാജ്യത്തെ ഡോക്ടര്‍മാരുടെ സംഘടനയായ കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ എതിര്‍ത്തിരുന്നു. സമയമാറ്റം വിദേശികളായ രോഗികളോട് കാണിക്കുന്ന വിവേചനമാണെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. മര്‍സൂഖ് അല്‍അസ്മി വ്യക്തമാക്കിയിരുന്നു. ഇത്തരം സമീപനം അസോസിയേഷന് അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.