വിലക്കുകള്‍ തുടര്‍ക്കഥ; കുവൈത്ത് കായികമേഖലക്ക് കഷ്ടകാലം
text_fieldsകുവൈത്ത് സിറ്റി: വിലക്കുകള്‍ ഒന്നിനുപിറകെ ഒന്നായി എത്തുമ്പോള്‍ കുവൈത്ത് കായികമേഖലക്ക് ശ്വാസം മുട്ടുന്നു. രാജ്യത്തെ കായിക നിയമങ്ങള്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമാവുന്നുവെന്നും കായിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയുമാണ് വിലക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. ഇതിനെതിരെ പോരാടുമെന്ന നിലപാടുമായി സര്‍ക്കാറും വിവിധ അസോസിയേഷനുകളും രംഗത്തുണ്ടെങ്കിലും രാജ്യത്തെ കായികരംഗം ചവിട്ടിനില്‍ക്കുന്ന മണ്ണ് അപ്പാടെ ഒലിച്ചുപോവുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ലോകഫുട്ബാള്‍ ഫെഡറേഷനിലും (ഫിഫ) അന്താരാഷ്ട്ര ഒളിമ്പിക് സമിതിയിലും (ഐ.ഒ.സി) മറ്റു ആഗോള കായിക സംഘടനകളിലും മികച്ച സ്വാധീനമുള്ള കുവൈത്ത് രാജകുടുംബാംഗവും മുന്‍ മന്ത്രിയുമായ ശൈഖ് അഹ്മദ് അല്‍ഫഹദ് അസ്സബാഹിന്‍െറ സാന്നിധ്യമുണ്ടായിട്ടും കുവൈത്തിന് വിലക്കുകളില്‍നിന്ന് രക്ഷപ്പെടാനായില്ല എന്നത് വിഷയം ഏറെ ഗൗരവത്തോടെയാണ് ഫിഫയും ഐ.ഒ.സിയും കാണുന്നത് എന്നതിന് തെളിവാണ്.
ഒരു ഘട്ടത്തില്‍ ഫിഫയില്‍ സെപ് ബ്ളാറ്ററുടെ പിന്‍ഗാമിയാവുമെന്നുവരെ കരുതപ്പെട്ടിരുന്ന ശൈഖ് അഹ്മദിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവാത്തത് കുവൈത്തിന് തിരിച്ചടിയായി. കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന്‍െറ (കെ.എഫ്.എ) പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്‍െറ ഇടപെടലുണ്ടാവുന്നെന്ന കുറ്റപ്പെടുത്തലുമായാണ് ഒക്ടോബര്‍ 16ന് ഫിഫ വിലക്കേര്‍പ്പെടുത്തിയത്. കെ.എഫ്.എ പ്രവര്‍ത്തനത്തിലെ സര്‍ക്കാര്‍ ഇടപെടലിന് വിശദീകരണം ചോദിച്ച് സെപ്റ്റംബര്‍ 25ന് ചേര്‍ന്ന ഫിഫ നിര്‍വാഹകസമിതിയാണ് കെ.എഫ്.എക്ക് കത്തയച്ചത്. ഒക്ടോബര്‍ 15നകം തൃപ്തികരമായ മറുപടി നല്‍കിയില്ളെങ്കില്‍ വിലക്കേര്‍പ്പെടുത്തുമെന്നായിരുന്നു മുന്നറിയിപ്പ്. കുവൈത്തിന് അതിന് സാധ്യമാവാതിരുന്നതോടെ വിലക്ക് നിലവില്‍വന്നു. ഇതിന് പിന്നാലെയാണ് ഐ.ഒ.സി കുവൈത്ത് ഒളിമ്പിക് കമ്മിറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
രാജ്യത്തെ കായിക നിയമത്തിലെ ചില വകുപ്പുകള്‍ ഒളിമ്പിക് ചാര്‍ട്ടറിന് വിരുദ്ധമാണെന്നും അടിയന്തരമായി ഭേദഗതി വരുത്തിയില്ളെങ്കില്‍ വിലക്കുള്‍പ്പെടെ നടപടികള്‍ നേരിടേണ്ടിവരുമെന്നും ഐ.ഒ.സി കുവൈത്ത് ഒളിമ്പിക് കമ്മിറ്റിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അപാകത പരിഹരിക്കാന്‍ ഒക്ടോബര്‍ 27വരെ സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍, കുവൈത്ത് അതിന് തയാറാവാതിരുന്നതോടെ അടുത്തദിവസം വിലക്ക് പ്രാബല്യത്തിലാവുകയായിരുന്നു. ഫിഫയുമായും ഐ.ഒ.സിയുമായും ചര്‍ച്ച നടത്താന്‍ കായികവിഭാഗത്തിന്‍െറ ചുമതലയുള്ള വാര്‍ത്താവിതരണ-യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹും പാര്‍ലമെന്‍റിലെ യുവജനകാര്യ, കായിക സിമിതി ചെയര്‍മാന്‍ എം.പി അബ്ദുല്ല അല്‍മയൂഫിന്‍െറ നേതൃത്വത്തിലുള്ള സംഘവും സ്വിറ്റ്സര്‍ലന്‍ഡില്‍ പോയെങ്കിലും ഫലമുണ്ടായില്ല.
ഫിഫയുടെയും ഐ.ഒ.സിയുടെയും വിലക്ക് കുവൈത്ത് കായികരംഗത്തിന് അക്ഷരാര്‍ഥത്തില്‍ തിരിച്ചടിയാണ്. ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ട് അടക്കം അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും കുവൈത്ത് ഫുട്ബാള്‍ ടീമിന് പങ്കെടുക്കാനാവില്ല. ഒളിമ്പിക്സിലാവട്ടെ കുവൈത്തില്‍നിന്നുള്ള അത്ലറ്റുകള്‍ക്ക് തങ്ങളുടെ രാജ്യത്തിന്‍െറ പതാകക്ക് കീഴില്‍ അണിനിരക്കാനാവില്ല. ഐ.ഒ.സി കനിഞ്ഞാല്‍ അവരുടെ ബാനറില്‍ മത്സരിക്കാം. ഇതിനുപിന്നാലെ ഇസ്രായേല്‍ ഒഫീഷ്യലിന് വിസ നിഷേധിച്ചതിന്‍െറ പേരില്‍ കുവൈത്തില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിനുള്ള ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്‍റ് എന്ന അംഗീകാരം ഐ.ഒ.സി എടുത്തുകളഞ്ഞത്. തൊട്ടുപിറകെ കുവൈത്ത് ബാസ്ക്കറ്റ്ബാള്‍ ഫെഡറേഷനും കിട്ടി വിലക്ക്. അന്താരാഷ്ട്ര ബാസ്ക്കറ്റ്ബാള്‍ അസോസിയേഷനാണ് (ഫിബ) കുവൈത്ത് ബാസ്ക്കറ്റ്ബാള്‍ ഫെഡറേഷന്‍െറ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ചൂണ്ടിക്കാട്ടി വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കുകളുടെ തുടര്‍ച്ചയില്‍ രാജ്യത്തെ കായികമേഖലക്ക് മൂക്കുകയര്‍ മുറുകുമ്പോള്‍ ഇനി എന്ത് എന്നറിയാതെ കുഴങ്ങുകയാണ് അധികൃതര്‍. കായിക നിയമത്തിലെ ഏതൊക്കെ വകുപ്പുകളാണ് ഒളിമ്പിക് ചാര്‍ട്ടറിനും മറ്റു അന്താരാഷ്ട്ര കായിക നിയമങ്ങള്‍ക്കും എതിരാവുന്നതെന്നും സര്‍ക്കാര്‍ ഏതു രൂപത്തിലാണ് രാജ്യത്തെ കായിക സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതെന്നും വിലക്കേര്‍പ്പെടുത്തിയവര്‍ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ കായിക നിയമങ്ങളില്‍ പ്രശ്നങ്ങളില്ളെന്നും ഭേദഗതി ആവശ്യമില്ളെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.