ജലീബില്‍ കനത്ത പരിശോധന; 3200ഓളം അനധികൃത താമസക്കാര്‍ പിടിയില്‍
text_fieldsകുവൈത്ത് സിറ്റി: മലയാളികളടക്കമുള്ള വിദേശികള്‍ തിങ്ങിത്താമസിക്കുന്ന അബ്ബാസിയയും ഹസാവിയും ഉള്‍പ്പെട്ട ജലീബ് അല്‍ശുയൂഖ് മേഖലയില്‍ അനധികൃത താമസക്കാരെ കണ്ടത്തെുന്നതിനുവേണ്ടി ആഭ്യന്തരമന്ത്രാലയം വ്യാപക പരിശോധന നടത്തി. നിരവധി പൊലീസ് വാഹനങ്ങളുടെയും ഡോഗ് സ്ക്വാഡ് അടക്കമുള്ള സംവിധാനങ്ങളുടെയും അകമ്പടിയോടെ നടത്തിയ പരിശോധനയില്‍ 3200ഓളം അനധികൃത താമസക്കാര്‍ പിടിയിലായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ഹമദ് അസ്സബാഹിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദിന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 1700 സുരക്ഷാ ഉദ്യോഗസ്ഥരും 150 പൊലീസ് വാഹനങ്ങളും പരിശോധനയില്‍ പങ്കെടുത്തു. പിടിയിലായവര്‍ ഏതുരാജ്യക്കാരാണെന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന മേഖലയായതിനാല്‍ ഏറെ പേര്‍ പിടിയിലായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പിടിയിലായവരില്‍ 1248 പേര്‍ ഒരുവിധ രേഖയുമില്ലാത്തവരും 785 പേര്‍ ഇഖാമ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവരും 472 പേര്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരും 163 പേര്‍ നാടുകടത്താന്‍ വിധിക്കപ്പെട്ടവരും 239 പേര്‍ സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയവരും 123 പേര്‍ അനാശാസ്യം നടത്തിയവരും 16 പേര്‍ മദ്യം-മയക്കുമരുന്ന് ഉല്‍പാദിപ്പിക്കുകയും കൈവശംവെക്കുകയും ചെയ്തവരും 110 പേര്‍ ലൈസന്‍സില്ലാതെ കച്ചവടം നടത്തിയവരുമാണ്. ചൊവ്വാഴ്ച അര്‍ധരാത്രിക്കുശേഷം ആരംഭിച്ച പരിശോധന ബുധനാഴ്ച രാവിലെവരെ തുടര്‍ന്നു.
ജലീബ് ഭാഗത്തേക്കുള്ള റോഡുകള്‍ ഉപരോധിച്ചശേഷമായിരുന്നു പരിശോധന. ഇതുമൂലം പുലര്‍ച്ചെ ആറുമണിയാവുമ്പോഴേക്കുതന്നെ മേഖല മുഴുവന്‍ ഗതാഗതക്കുരുക്കിലായി. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയും സംശയം തോന്നുന്ന താമസസ്ഥലങ്ങളില്‍ കയറിയും പൊലീസ് പരിശോധന നടത്തി. മദ്യ-വാറ്റുകേന്ദ്രങ്ങളും അനാശാസ്യകേന്ദ്രങ്ങളും പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. ഇവിടങ്ങളിലെ നടത്തിപ്പുകാരെയും പിടികൂടി. ക്രിമിനല്‍ കേസുകളില്‍ പ്രതികളായശേഷം മുങ്ങിനടക്കുന്നവരും പിടിയിലായിട്ടുണ്ട്. അബ്ബാസിയയുടെയും ഹസാവിയുടെയും ഉള്‍ഭാഗങ്ങളില്‍ രാത്രി മൂന്നോടെതന്നെ വന്‍ സന്നാഹങ്ങളുമായാണ് പൊലീസ് എത്തിയത്. അനധികൃത താമസകേന്ദ്രങ്ങള്‍ ഏറെയുള്ള ഹസാവി മേഖലയില്‍ കയറി ഇഖാമ പരിശോധിച്ച് അനധികൃത താമസക്കാരെ കണ്ടത്തെുന്നതിനാണ് പൊലീസ് പ്രാമുഖ്യം നല്‍കിയത്. അബ്ബാസിയയില്‍ മലയാളികള്‍ ഏറെയുള്ള ഭാഗങ്ങളിലും താമസക്കെട്ടിടങ്ങളിലും മറ്റും പരിശോധന നടത്തി. ബാച്ലര്‍ റൂമുകളില്‍നിന്നും മറ്റും ചില അനധികൃത താമസക്കാരെ പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. പിടികൂടിയവരെ വിശദപരിശോധനക്കായി ജലീബ് ഫയര്‍സ്റ്റേഷന് സമീപത്തെ ആഭ്യന്തരമന്ത്രാലയത്തിന്‍െറ കോമ്പൗണ്ടിലും പ്രദേശത്തെ ചില സ്കൂളുകളിലുമായി ഒരുമിച്ചുകൂട്ടി. പരിശോധനക്കുശേഷം അനധികൃത താമസക്കാരാണെന്ന് വ്യക്തമായവരെ കസ്റ്റഡിയിലെടുത്ത് മറ്റിടങ്ങളിലേക്ക് മാറ്റി. ആഭ്യന്തരമന്ത്രാലയത്തിലെ പാസ്പോര്‍ട്ട്, പൗരത്വകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമേ സ്പെഷല്‍ പൊലീസ് വിഭാഗവും കമാന്‍ഡോ വിഭാഗവും പരിശോധനയില്‍ പങ്കെടുത്തു. പൊതു സുരക്ഷാവിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി കേണല്‍ അബ്ദുല്‍ ഫത്താഹ് അല്‍അലി, പരിശോധക വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി കേണല്‍ ഖാലിദുദ്ദീന്‍, കുറ്റകൃത്യങ്ങളുടെ തെളിവെടുപ്പുകാര്യ ഡിപ്പാര്‍ട്മെന്‍റ് മേധാവി കേണല്‍ ഡോ. ഫഹദ് അല്‍ദൂസരി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ചു ടീമുകളായി തിരിച്ചായിരുന്നു പരിശോധന. വരുംദിവസങ്ങളില്‍ അനധികൃത താമസക്കാര്‍ക്കുവേണ്ടിയുള്ള പരിശോധനകള്‍ രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ ശക്തമാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് സമീപകാലത്തായി അനധികൃത താമസക്കാര്‍ വര്‍ധിച്ചതായും ഇത്തരക്കാരെ പിടികൂടുന്നതിനായി രാജ്യവ്യാപക പരിശോധനകള്‍ക്ക് ആഭ്യന്തരമന്ത്രാലയം തയാറെടുപ്പുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള 1,13,000 പേര്‍ രാജ്യത്ത് ഇഖാമകാലാവധി കഴിഞ്ഞ്് തങ്ങുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം അടുത്തിടെ പുറത്തുവിട്ട കണക്ക്. 28,000 അനധികൃത താമസക്കാരുള്ള ഇന്ത്യയാണ് ഇതില്‍ മുന്‍പന്തിയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
