ജാബിര്‍ സ്റ്റേഡിയം ഇന്ന് മിഴിതുറക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ അഭിമാനമായി അര്‍ദിയയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജാബിര്‍ അല്‍അഹ്മദ് ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തിലെ കളിത്തട്ട് ഇന്ന് ഉണരും. ഫുട്ബാള്‍ ലോകത്തെ നക്ഷത്രങ്ങളുടെ കളിയഴകിന്‍െറ അകമ്പടിയോടെ വെള്ളിയാഴ്ച വൈകീട്ട് അമീര്‍ ശൈഖ് സബാഹ് അല്‍ജാബിര്‍ അല്‍അഹ്മദ് അസ്സബാഹ് സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. കിരീടാവകാശി ശൈഖ് നവാഫ് അല്‍ജാബിര്‍ അല്‍അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ്, പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം, മന്ത്രിമാര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍, ഭരണകുടുംബത്തിലെയും സര്‍ക്കാറിലെയും മറ്റു പ്രമുഖര്‍ എന്നിവരെല്ലാം ഉദ്ഘാടന മഹാമഹത്തിന് സാക്ഷിയാവാനത്തെും.
ലോകഫുട്ബാളിലെ മിന്നും താരങ്ങളും കുവൈത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന പ്രദര്‍ശന മത്സരമാണ് ഉദ്ഘാടനച്ചടങ്ങിലെ ആകര്‍ഷകയിനം. കുവൈത്ത് ചാമ്പ്യന്‍സ് ചലഞ്ച് എന്ന് പേരിട്ട മത്സരത്തില്‍ ലോകഇലവനും കുവൈത്ത് ഓള്‍ സ്റ്റാര്‍ ഇലവനുമാണ് കൊമ്പുകോര്‍ക്കുക. കുവൈത്ത് ഫുട്ബാള്‍ അസോസിയേഷനുള്ള ഫിഫ വിലക്ക് മത്സരത്തിന്‍െറ ശോഭ കുറച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാധിക്കില്ല എന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്‍െറ കായികനിയമത്തിലെ ചില വകുപ്പുകള്‍ ഫിഫ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് കാണിച്ചാണ് രണ്ടുമാസം മുമ്പ് വിലക്ക് വന്നത്. ഇതുകൊണ്ടുതന്നെ പ്രദര്‍ശനതലത്തില്‍പോലും രാജ്യാന്തര മത്സരങ്ങള്‍ നടത്താന്‍ കുവൈത്തിന് അവകാശമില്ല എന്ന് വ്യക്തമാക്കിയ ഫിഫ, മത്സരത്തില്‍ പങ്കെടുക്കരുതെന്ന് നിലവില്‍ ഫുട്ബാള്‍ കളിക്കുന്ന രാജ്യങ്ങള്‍ക്കും ഫുട്ബാള്‍ അസോസിയേഷനുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍തന്നെ സൂപ്പര്‍താരം റൊണാള്‍ഡീന്യോ, സ്റ്റീവന്‍ ജെറാര്‍ഡ്, ആന്ദ്രെ പിര്‍ലോ, സാവി ഹെര്‍ണാണ്ടസ് എന്നിവര്‍ എത്തിയേക്കില്ളെന്നാണ് റിപ്പോര്‍ട്ട്. പരിശീലകനായി നിശ്ചയിച്ച കാര്‍ലോ ആഞ്ചലോട്ടിയും പിന്മാറി. ഫാബിയോ കാപ്പല്ളോയാണ് പുതിയ കോച്ച്. അതേസമയം, നിലവില്‍ സജീവ ഫുട്ബാള്‍ രംഗത്തില്ലാത്ത അലസാന്ദ്രോ ഡെല്‍പിയറോ, കാര്‍ലോസ് പുയോള്‍, പോള്‍ സ്കോള്‍സ്, റോബര്‍ട്ട് പിറെസ്, ഇറ്റാലിയന്‍-യുവന്‍റസ് താരം ജിയാന്‍ലുക സാംബ്രോട്ട, ഡേവിഡ് ജെയിംസ്, ജാമി കാരഗര്‍, യെന്‍സ് ലീമാന്‍, ആന്ദ്രി ഷെവ്ചെങ്കോ, ഡെക്കോ, ലൂയി ഫിഗോ, അലസാന്ദ്രോ നെസ്റ്റ, മൈക്കല്‍ സല്‍ഗാഡോ തുടങ്ങിയ പ്രമുഖര്‍ എത്തുന്നുണ്ട്. കാപ്പല്ളോ, ഫിഗോ, നെസ്റ്റ തുടങ്ങിയവര്‍ വ്യാഴാഴ്ച വൈകീട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. കുവൈത്ത് ഇലവന്‍െറ പരിശീലകന്‍ മുഹമ്മദ് ഇബ്രാഹീം, താരങ്ങളായ മുഹമ്മദ് ജാര്‍ഹ, ഫഹദ് അല്‍അന്‍സാരി എന്നിവരും പങ്കെടുത്തു. കുവൈത്തിന്‍െറ ഓള്‍ സ്റ്റാര്‍ ഇലവനാണ് ലോക ഇലവനെതിരെ കളത്തിലിറങ്ങുന്നത്. ആരാധക വോട്ടിലൂടെയാണ് ഈ ടീമിനെ തെരഞ്ഞെടുക്കുക. 39 പേരുടെ പട്ടികയില്‍നിന്ന് കൂടുതല്‍ വോട്ട് നേടിയ ഖാലിദ് അല്‍റഷീദി, ഫഹദ് അല്‍അജ്രി, മുസാഇദ് നദ, അലി മഖ്സീദ്, ഹുസ്സന്‍ ഹകീം, ഫഹദ് അല്‍ഇന്‍സി, മുഹമ്മദ് ജാര്‍ഹ, ഫഹദ് അല്‍അന്‍സാരി, അബ്ദുല്‍ അസീസ് അല്‍മഷാന്‍, അബ്ദുല്‍ ഹാദി അല്‍ഖമീസ്, ബദര്‍ അല്‍മുതവ്വ എന്നിവരാണ് ആദ്യ ഇലവനില്‍ ഇറങ്ങുക.
ഇതോടൊപ്പം, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള മികച്ച കലാകാരന്മാരെ അണിനിരത്തിയുള്ള വന്‍ സംഗീതപരിപാടിയും അരങ്ങേറും. ആധുനിക സംവിധാനങ്ങളുടെ കാര്യത്തിലും പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിലും പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമായാണ് ശൈഖ് ജാബിര്‍ സ്റ്റേഡിയം അറിയപ്പെടുന്നത്. മാസങ്ങള്‍ക്കുമുമ്പ് ഒരു ആഭ്യന്തര ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ച് സ്റ്റേഡിയം അനൗദ്യോഗിക രൂപത്തില്‍ തുറക്കപ്പെട്ടിരുന്നെങ്കിലും ഒൗദ്യോഗികമായി വന്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചുള്ള ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു.
ഉദ്ഘാടനത്തിന് സജ്ജമാണോ എന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞമാസം മന്ത്രിതല സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ അനുകൂല റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്ഘാടനത്തിന് അരങ്ങൊരുങ്ങിയത്. 2005ല്‍ അര്‍ദിയയില്‍ നിര്‍മാണമാരംഭിച്ച ശൈഖ് ജാബിര്‍ സ്റ്റേഡിയ നിര്‍മാണം 2009ല്‍തന്നെ ഏറക്കുറെ പൂര്‍ത്തിയായിരുന്നു. എന്നാല്‍, അനുബന്ധ ജോലികള്‍ ബാക്കിയായതും ഇടക്ക് സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങള്‍ വന്നതും കാരണം ഉദ്ഘാടനം നീളുകയായിരുന്നു. നാലു തട്ടുകളായി നിര്‍മിച്ചിരിക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയില്‍ 68,000 പേര്‍ക്കിരിക്കാം. 54 കോര്‍പറേറ്റ് ബോക്സുകളുള്ള സ്റ്റേഡിയത്തോടനുബന്ധിച്ച് 6,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
