ശൈത്യകാല ടെന്‍റുകള്‍ അതീവ സുരക്ഷാനിരീക്ഷണത്തില്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തണുപ്പുകാലം ആരംഭിക്കുകയും മരുപ്രദേശങ്ങളില്‍ ശൈത്യകാല ടെന്‍റുകള്‍ ഉയരുകയും ചെയ്തതോടെ ആഭ്യന്തരമന്ത്രാലയം ശക്തമായ നടപടികള്‍ എടുത്തുതുടങ്ങി.
തണുപ്പ് ആസ്വദിക്കാനെന്ന പേരില്‍ പണിയുന്ന ഇത്തരം ടെന്‍റുകള്‍ കേന്ദ്രീകരിച്ച് രാജ്യത്തിന്‍െറ സംസ്കാരത്തിന് ചേരാത്ത അനാശാസ്യ പ്രവര്‍ത്തനങ്ങളും മദ്യം വിളമ്പുന്ന പാര്‍ട്ടികളും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് പരിശോധനാ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി കേണല്‍ അബ്ദുല്‍ ഫത്താഹ് അല്‍അലി ഇതുസംബന്ധിച്ച് കീഴുദ്യോഗസ്ഥര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കി.
തണുപ്പുകാലമായ നവംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് അവസാനംവരെ രാജ്യത്തെ തെക്കുവടക്കന്‍ ഭാഗങ്ങളിലെ മരുപ്രദേശങ്ങളിലാണ് കൂടുതല്‍ ടെന്‍റുകള്‍ ഉയരാറ്. സ്വദേശികള്‍ക്കെന്നപോലെ വിദേശികള്‍ക്കും പ്രത്യേകം അനുമതി കരസ്ഥമാക്കി നിയമപ്രകാരം ടെന്‍റുകള്‍ പണിയാന്‍ അനുമതിയുണ്ടെങ്കിലും പലരും ഈ അവസരം ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കി ടെന്‍റുകളെ മാറ്റുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച വിവരം. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ മാരകായുധങ്ങള്‍, മദ്യം എന്നിവ ടെന്‍റുകളില്‍ സൂക്ഷിക്കപ്പെട്ടതായി കണ്ടത്തെിയിരുന്നു. യുവാക്കളും യുവതികളും ഒരുമിച്ച് ടെന്‍റുകളില്‍ അവധിദിനങ്ങള്‍ ചെലവഴിക്കാനത്തെുന്ന പ്രവണതയും വര്‍ധിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത്തരം ടെന്‍റുകള്‍ കേന്ദ്രീകരിച്ച് ഭീകരവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആസൂത്രണങ്ങള്‍ നടക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. ജനത്തിരക്കുകളില്‍നിന്ന് ഒഴിഞ്ഞുള്ള ടെന്‍റ് ജീവിതം യുവാക്കള്‍ കുറ്റ കൃത്യങ്ങള്‍ ശീലിക്കാനുള്ള അവസരമായി കാണാന്‍ സാധ്യതയുണ്ട്. ഇത്തരം കാരണങ്ങളാല്‍ ഇപ്രാവശ്യം ശൈത്യകാല ടെന്‍റുകളില്‍ ശക്തമായ പരിശോധനയുണ്ടായിരിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
