പവിഴപ്പുറ്റുകളിൽ കുരുങ്ങിയ 200 കിലോ വല നീക്കം ചെയ്തു
text_fieldsവല നീക്കം ചെയ്യുന്ന കുവൈത്ത് ഡൈവ് ടീം അംഗങ്ങൾ
കുവൈത്ത് സിറ്റി: കടലിനടിയിലെ ഉപേക്ഷിക്കപ്പെട്ട വലകൾ നീക്കം ചെയ്ത് കുവൈത്ത് ഡൈവ് ടീം. ഖറുഹ് ദ്വീപിന് വടക്ക് ഒമ്പത് മീറ്റർ താഴ്ചയിലെ പവിഴപ്പുറ്റുകളിൽ നിന്നാണ് വലകൾ നീക്കിയത്. 200 കിലോഗ്രാം ഭാരമുള്ള ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലയാണ് വിജയകരമായി നീക്കം ചെയ്തത്.
ഉപേക്ഷിക്കപ്പെട്ട വല പവിഴപ്പുറ്റുകളിൽ കുടുങ്ങിയതായും ഇത് സമുദ്രജീവികൾക്കും പവിഴപ്പുറ്റുകൾക്കും നാശമുണ്ടാക്കുന്നതായും സംഘത്തിന്റെ കുവൈത്ത് ഡൈവ് ടീം തലവൻ വലീദ് അൽ ഫാദേൽ പറഞ്ഞു. വായു നിറച്ച ബാഗുകൾ, വിവിധ ഡൈവിംഗ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് സംഘത്തിലെ മുങ്ങൽ വിദഗ്ധർ പവിഴപ്പുറ്റിന് ദോഷം വരുത്താതെ വല ശ്രദ്ധാപൂർവ്വം ഉയർത്തിയതായും അദ്ദേഹം വ്യക്തമാക്കി.
പവിഴപ്പുറ്റുകൾ അതിജീവനത്തിനായി സൂര്യപ്രകാശത്തെയും ജലപ്രവാഹത്തെയും ആശ്രയിക്കുന്നു. ഉപേക്ഷിക്കപ്പെട്ട വലകൾ ഇതിന് തടസ്സമാകുകയും പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാവുകയും ചെയ്യും. പവിഴപ്പുറ്റുകളുടെ പരിസ്ഥിതിയിൽ വസിക്കുന്ന മത്സ്യങ്ങളെയും മറ്റു ജീവികളെയും വല പ്രതികൂലമായി ബാധിക്കും. ജൈവവൈവിധ്യത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും സമുദ്ര നാവിഗേഷനും മുങ്ങൽ വിദഗ്ധരുടെ സുരക്ഷക്കും ഇത്തരം വലകൾ ഗുരുതരമായ ഭീഷണി ഉയർത്തുമെന്നും വലീദ് അൽ ഫാദേൽ പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ കണ്ടാൽ കുവൈത്ത് ഡൈവ് ടീമിനെയോ, കോസ്റ്റ് ഗാർഡിനെയോ, പരിസ്ഥിതി പൊതു അതോറിറ്റിയെയോ ഉടൻ അറിയിക്കണം. വേഗത്തിൽ നീക്കം ചെയ്യുന്നതിനും പരിസ്ഥിതി നാശവും നാവിഗേഷൻ അപകടസാധ്യതകളും കുറക്കുന്നതിനും ഇത് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

