നാട്ടിൽ കുടുങ്ങിയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന് പുറത്ത് കുടുങ്ങിപ്പോയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായതായി താമസകാര്യ വകുപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ ഹമദ് അൽ തവാല പറഞ്ഞു. 2020 മാർച്ച് 12 മുതൽ 2021 ജനുവരി 10 വരെയുള്ള കണക്കാണിത്. ഇതുവരെയുള്ള തീരുമാനം അനുസരിച്ച് ഇവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയില്ല. കോവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് പ്രത്യേക മാനുഷിക പരിഗണനയിൽ എൻട്രി വിസ അനുവദിക്കാനുള്ള സാധ്യതയാണ് ഏക പ്രതീക്ഷ.
അവധിക്ക് നാട്ടിൽപോയി വിമാന സർവിസ് ഇല്ലാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തവരാണ് ഇവരിൽ ഏറെയും. യു.എ.ഇ, തുർക്കി ഉൾപ്പെടെ ഇടത്താവളങ്ങളിൽ ക്വാറൻറീൻ അനുഷ്ഠിച്ച് കുവൈത്തിലേക്ക് വരാൻ സാമ്പത്തിക ശേഷിയുള്ളവർ അങ്ങനെ വന്നു. ചെറിയ വരുമാനക്കാരാണ് പ്രതിസന്ധിയിലായത്. കോവിഡ് പ്രതിസന്ധിയിൽ ഇവിടത്തെ തൊഴിൽ അനിശ്ചിതത്വത്തിലായതിനാൽ ഇനി വരേണ്ടെന്ന് തീരുമാനിച്ചവരും ഏറെയാണ്. തൊഴിലാളി നാട്ടിലാണെങ്കിലും സ്പോൺസർക്ക് ഒാൺലൈനായി ഇഖാമ പുതുക്കാൻ അവസരമുണ്ടായിരുന്നു.
ഇത് ഉപയോഗപ്പെടുത്താത്തവർക്കാണ് ഇഖാമയില്ലാതായത്. അശ്രദ്ധയോ അലംഭാവമോ കാരണം ചെയ്യാതിരുന്നവരും സ്പോൺസർ ഇഖാമ പുതുക്കി നൽകാൻ തയാറാകാതിരുന്നവരും പ്രതിസന്ധിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

