നുവൈസീബിൽ അഞ്ച് മിനിറ്റിൽ 15 വാഹനം കടത്തിവിടുന്നു
text_fieldsനുവൈസീബ് അതിർത്തി ചെക്ക്പോസ്റ്റിൽ വരിനിൽക്കുന്ന വാഹനങ്ങൾ
കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തിയിൽ കൂടുതൽ ആരോഗ്യ ജീവനക്കാരെയും സുരക്ഷ ഉദ്യോഗസ്ഥരെയും നിയോഗിച്ചതോടെ വാഹനങ്ങളുടെ കടന്നുവരവ് വേഗത്തിലായി. അഞ്ച് മിനിറ്റിൽ 15 വാഹനം വീതം കടത്തിവിടാൻ ഇപ്പോൾ കഴിയുന്നുവെന്ന് അധികൃതർ പറഞ്ഞു.
നേരത്തേ അതിർത്തി കടക്കാൻ മണിക്കൂറുകൾ കാത്തുകെട്ടി കിടക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. കോവിഡ് പരിശോധന അടക്കം നടപടികൾക്ക് സമയമെടുത്തിരുന്നതിനാലായിരുന്നു ഇത്. കര അതിർത്തി ചെക്ക്പോസ്റ്റിലെ ആരോഗ്യ മന്ത്രാലയം ജീവനക്കാരെ ഇരട്ടിയാക്കിയാണ് പ്രതിസന്ധി പരിഹരിച്ചത്. ശരാശരി 1200 യാത്ര വാഹനങ്ങളും 600 ട്രക്കുകളും ഒരു ദിവസം സൗദിയിൽനിന്ന് നുവൈസീബ് വഴി കുവൈത്തിലെത്തുന്നുണ്ട്.
ആറുമാസത്തിന് ശേഷം സാൽമി അതിർത്തി ചെക്ക്പോസ്റ്റ് വഴിയും വാഹനങ്ങളെ കഴിഞ്ഞ വ്യാഴാഴ്ച മുതൽ കുവൈത്തിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങി. ഇതോടെ നുവൈസീബിലെ തിരക്ക് കുറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരുന്ന കുവൈത്തിനും സൗദി അറേബ്യക്കുമിടയിലെ അതിർത്തി ചെക്ക് പോയൻറുകൾ സെപ്റ്റംബർ 15 മുതലാണ് തുറന്നത്. സാൽമി നുവൈസീബ് അതിർത്തികൾ തുറന്നിരുന്നെങ്കിലും കുവൈത്തിലേക്കുള്ള വരവ് നുവൈസീബ് വഴി മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ആരോഗ്യ സുരക്ഷ മാനദണ്ഡം പാലിച്ച് നിയന്ത്രണങ്ങളോടെ ആണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്. കുവൈത്തിലേക്ക് വരുന്നവർ 96 മണിക്കൂർ കഴിയാത്ത പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നും ഫോണിൽ 'ശ്ലോനിക്' ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നും നിബന്ധനയുണ്ട്. സൗദിയിലേക്ക് പോകുന്നവർക്കും നോ കോവിഡ് സർട്ടിഫിക്കറ്റ് നിബന്ധന ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

