13 സർക്കാർ ഏജൻസികളുടെ 121 സേവനങ്ങൾ ഒാൺലൈനാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിലാക്കാനായി 'സഹൽ' എന്ന പേരിൽ ഒാൺലൈൻ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. പേപ്പർ അധിഷ്ഠിത ഇടപാടുകൾ പൂർണമായി അവസാനിപ്പിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിെൻറ ഭാഗമായാണ് ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. ഉപപ്രധാനമന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് ആപ് പ്രകാശനം ചെയ്തു. 13 സർക്കാർ ഏജൻസികളുടെ 121 സേവനങ്ങൾ ഇതുവരെ ഡിജിറ്റലാക്കി.
സർക്കാർ സംവിധാനങ്ങളിലും വകുപ്പുകളിലും ഓൺലൈൻ സേവനം ലഭ്യമാക്കുന്നതിൽ കുവൈത്ത് ഏറെ മുന്നേറി. ഒാഫിസിൽ നേരിട്ടെത്താതെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും സമയം ലാഭിക്കാനും ഇടപാടുകാർക്ക് സാധിക്കുന്നു. ഭാവിയിൽ കൂടുതൽ മേഖലകളിൽ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും. അനുബന്ധമായി 'സഹൽ ബിസനസ്' എന്ന മറ്റൊരു ആപ്ലിക്കേഷൻ കൂടി വൈകാതെ പുറത്തിറക്കും. സംരംഭകർക്ക് ബിസിനസുമായി ബന്ധപ്പെട്ട ഇടപാടുകൾ ഒാൺലൈനായി നടത്താൻ സഹായിക്കുന്നതാണ് ഇത്.
രാജ്യത്ത് നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്നവർ പല ഒാഫിസുകളിൽ കയറിയിറങ്ങി ബുദ്ധിമുട്ടരുതെന്ന ചിന്തയിൽനിന്നാണ് ഇൗ നീക്കം. രാജ്യത്തെ എല്ലാ സർക്കാർ ഡിപ്പാർട്മെൻറുകളിലും പൊതു ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഇ-ഗവേണിങ് സ്മാർട്ട് സിസ്റ്റം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ഇനിയും തടസ്സങ്ങൾ ഉണ്ടാവുന്നെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ഡിജിറ്റൽവത്കരണത്തിെൻറ ഗുണം കോവിഡ് കാലത്ത് ഏറെ അനുഭവിക്കാൻ കുവൈത്തിന് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

