ലഹരിവസ്തുക്കളും പണവുമായി 12 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വിവിധ ലഹരിവസ്തുക്കളും പണവുമായി 12 പേരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2.5 കിലോ മയക്കുമരുന്ന്, 500 ലഹരി ഗുളികകൾ, 431 ഇറക്കുമതിചെയ്ത വൈൻ കുപ്പികൾ, 19,585 കുവൈത്ത് ദീനാർ എന്നിവ പ്രതികളിൽനിന്ന് കണ്ടെടുത്തു.
മയക്കുമരുന്ന് ഉപയോഗം ചെറുക്കുന്നതിനും അവയുടെ പ്രമോട്ടർമാരെയും കള്ളക്കടത്തുകാരെയും കണ്ടെത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം തുടരുന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഒരു സ്വദേശി, നാല് അറബ് പൗരന്മാർ, മൂന്ന് ഏഷ്യൻ പൗരന്മാർ മറ്റു നാലുപേർ എന്നിങ്ങനെയാണ് പിടിയിലായത്. ചോദ്യംചെയ്യലിൽ പിടിച്ചെടുത്ത വസ്തുക്കൾ കടത്തിനും ദുരുപയോഗത്തിനുംവേണ്ടിയുള്ളതാണെന്ന് പ്രതികൾ സമ്മതിച്ചു.
നിയമ നടപടികളും സ്വീകരിക്കുന്നതിന് പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രാജ്യത്തെ യുവാക്കളെ ദ്രോഹിക്കാൻ ശ്രമിക്കുന്ന മയക്കുമരുന്ന് ഇടപാടുകാരെയും കടത്തുകാരെയും ശക്തമായി നേരിടുമെന്ന് അധികൃതർ അറിയിച്ചു. മയക്കുമരുന്ന് വ്യാപനം തുടച്ചുനീക്കാൻ കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്നും ഉണർത്തി.
സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ഏതെങ്കിലും വിവരങ്ങൾ ലഭ്യമായാൽ എമർജൻസി ഫോണിലേക്കും (112) ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ഹോട്ട്ലൈനിൽ (1884141) അറിയിക്കാനും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

