റെസിഡൻസി പുതുക്കാൻ 100 ദീനാർ; പ്രവാസി ആരോഗ്യ ഇൻഷുറൻസ് ഫീസിൽ വർധന
text_fieldsകുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസിൽ വർധന. റെസിഡൻസി പുതുക്കലിന് 100 ദീനാർ അടക്കം എല്ലാ റെസിഡൻസി, വിസിറ്റ് വിസകൾക്കും ആരോഗ്യ ഇൻഷുറൻസ് ഫീസ് പുതുക്കി. പുതിയ നിരക്കുകൾ ഈ മാസം 23 മുതൽ പ്രാബല്യത്തിൽ വരും.
റെസിഡൻസി പുതുക്കലിനും പുതിയ വിസക്കും സാധാരണ വിഭാഗങ്ങൾക്ക് വർഷം 100 ദീനാർ ആരോഗ്യ ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തിയത് പ്രധാന മാറ്റമാണ്. നേരത്തേ ഇത് 50 ദീനാറായിരുന്നു.
നവംബറിൽ നടപ്പാക്കിയ പുതിയ റെസിഡൻസി, വിസ ഫീസ് പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ വർധന. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അടക്കം കുവൈത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വരുന്ന മൂന്നു ദശലക്ഷത്തിലധികം പ്രവാസികൾക്ക് ഇത് ബാധകമാണ്. ഇൻഷുറൻസ് രേഖകളില്ലാതെ പുതിയ ഇഖാമ നൽകാനോ നിലവിലുള്ളവ പുതുക്കാനോ കഴിയില്ല.
100 ദീനാർ ഫീസ് ഈടാക്കുന്ന വിഭാഗങ്ങൾ
സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവർക്കും വിദേശ പങ്കാളികൾ, വിദേശ നിക്ഷേപകർ എന്നിവർക്കും വാർഷിക ഇൻഷുറൻസ് ഫീസ് 100 ദീനാർ ആകും. കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കുന്നവർ (ഡിപെൻഡന്റ് വിസ) ഓരോ അംഗത്തിനും പ്രതിവർഷം 100 ദീനാർ ഇൻഷുറൻസ് ഫീസ് അടക്കണം.
വിദേശ വിദ്യാർഥികൾ, സ്വയം സ്പോൺസർ ചെയ്യുന്നവർ, വസ്തു ഉടമകളായ പ്രവാസികൾ എന്നിവർക്കും വർഷം 100 ദീനാർ തന്നെയാണ് പുതിയ നിരക്ക്. രേഖകളില്ലാത്ത രാജ്യത്ത് തങ്ങുകയും പിന്നീട് പുതിയ പെർമിറ്റുകൾ അനുവദിച്ചവർ, സൈനിക സേവനത്തിന് ശേഷം വിരമിച്ച വിദേശികൾ എന്നിവരും ഇഖാമ എടുക്കുമ്പോൾ ഇൻഷുറൻസായി 100 ദീനാർ നൽകണം. പ്രവാസികളുടെയോ നയതന്ത്രജ്ഞരുടെയോ കീഴിലുള്ള വീട്ടുജോലിക്കാർക്കും വർഷം 100 ദീനാർ ആണ് നിരക്ക്.
10 ദീനാർ
കാർഷിക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഇടയന്മാർ തുടങ്ങിയ താഴ്ന്ന ശ്രേണിയിലുള്ള തൊഴിലാളികൾക്ക്
പ്രതിവർഷം 10 ദീനാറാകും ആരോഗ്യ ഇൻഷുറൻസ് തുക. ഒരു കുവൈത്ത് കുടുംബത്തിന് മൂന്ന് പേരിൽ കൂടുതലുള്ള അധിക ഗാർഹിക തൊഴിലാളികൾക്കും ഇതേ തുക നൽകണം.
എൻട്രി വിസ
എൻട്രി വിസകൾക്കും ആരോഗ്യ ഇൻഷുറൻസ് ആവശ്യമാണ്. സർക്കാർ, സ്വകാര്യ മേഖല, കുടുംബം, നിക്ഷേപം, താൽക്കാലിക തൊഴിൽ വിസകൾ, ട്രാൻസിറ്റ്, അടിയന്തര വിസകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് അഞ്ചു ദീനാർ ഫീസ് ഈടാക്കും.
ടൂറിസം, ബിസിനസ്, മെഡിക്കൽ വിസകൾ പോലുള്ള സന്ദർശന വിസകൾ സ്വകാര്യ മേഖലയിലെ ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ ബാധകമാകും.
ഫീസിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ
കുവൈത്ത് പൗരന്മാരെ വിവാഹം കഴിച്ച വിദേശ വനിതകൾ, കുവൈത്ത് പൗരന്മാരായ മക്കളുള്ള വിദേശികളായ വിധവകൾ,
കുവൈത്ത് പൗരന്മാരുടെ വിദേശികളായ മക്കളും മാതാപിതാക്കളും, നയതന്ത്ര ഉദ്യോഗസ്ഥരും ഔദ്യോഗിക പ്രതിനിധികളും, കുവൈത്ത് കുടുംബത്തിന് പരമാവധി മൂന്ന് വീട്ടുജോലിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

