അവധിക്കാലമെത്തി; യാത്ര ശുഭകരമാകാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
text_fieldsകുവൈത്ത് സിറ്റി: മധ്യവേനലവധി ആകാറായതോടെ നാട്ടിൽ പോകുന്നതിനുള്ള ഒരുക്കങ്ങളുടെ തിരക്കുകളിലായിരിക്കും പ്രവാസികളിലധികവും. യാത്ര ശുഭകരമാകണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ചില കാര്യങ്ങൾ നേരത്തേ ഒരുക്കിവെച്ചാൽ അവസാന നിമിഷത്തിലെ അങ്കലാപ്പ് ഒഴിവാക്കാം. യാത്രക്കുമുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
1. പലരുടെയും പാസ്പോർട്ടുകളും വിസയും മിക്കവാറും തൊഴിലുടമയുടെ കൈവശമായിരിക്കും. പാസ്പോർട്ട് കാലാവധി കഴിഞ്ഞതാണോ എന്ന് ഉറപ്പുവരുത്തണം. വിസ വാലിഡിറ്റിയും ഉറപ്പാക്കണം. കുട്ടികളുടെ പാസ്പോർട്ടിന് അഞ്ചുവർഷം മാത്രമേ കാലാവധിയുള്ളൂ എന്ന കാര്യം ശ്രദ്ധിക്കണം. പാസ്പോർട്ട് പുതുക്കാൻ എംബസിയെ സമീപിച്ചാൽ സമയമെടുക്കും. അക്കാര്യം പ്രത്യേകം ശ്രദ്ധയിൽ വേണം. ഇന്ത്യയിൽ ചെന്നിട്ടാണ് പാസ്പോർട്ട് പുതുക്കുന്നതെങ്കിൽ തിരികെയുള്ള യാത്രയിൽ പഴയതും പുതിയതുമായ പാസ്പോർട്ടുകൾ കരുതണം. തിരികെ വരുന്ന സമയത്തും നിങ്ങളുടെ വിസയുടെ വാലിഡിറ്റി ഉറപ്പുവരുത്തണം.
2. വിമാനത്താവളത്തിൽ കുറഞ്ഞത് മൂന്നു മണിക്കൂർ മുമ്പെങ്കിലും എത്തണം.
3. വിമാനക്കമ്പനികൾ അനുവദിച്ച വലുപ്പത്തിലുള്ള ലഗേജുകൾ മാത്രമേ കരുതാവൂ. തൂക്കം കൂടാൻ ഇടവരരുത്. അത് സമയം നഷ്ടപ്പെടാൻ ഇടയാക്കും. ചില വിമാനക്കമ്പനികൾ രണ്ടു പെട്ടികൾ മാത്രമേ അനുവദിക്കാറുള്ളൂ. തൂക്കം കൃത്യമാണെങ്കിലും പെട്ടിയുടെ എണ്ണം കൂടാൻ അവർ അനുവദിക്കില്ല. അത് കൃത്യമായി മനസ്സിലാക്കി വേണം പാക്കിങ് നടത്താൻ. അൺഷേപ് ബാഗും പെട്ടിക്കു മുകളിൽ കയറുകെട്ടുന്നതും അനുവദിക്കില്ല. ടി.വി മുതലായ ഗൃഹോപകരണങ്ങൾ കൊണ്ടുപോകുന്നുണ്ടെങ്കിൽ അതിന്റെ സൈസ് ശ്രദ്ധിക്കണം. പല വിമാനക്കമ്പനികളും നിശ്ചിത വലുപ്പത്തിലുള്ള ടി.വി മാത്രമേ കൊണ്ടുപോകാൻ അനുവദിക്കാറുള്ളൂ.
4. ആഭരണങ്ങളും വിലകൂടിയ സാധനങ്ങളും ഹാൻഡ് ബാഗേജിൽതന്നെ കരുതുക. ഹാൻഡ് ബാഗ് ഷോപ്പുകളിലോ ഇരിക്കുന്ന സ്ഥലങ്ങളിലോ വെക്കാതെ കൈയിൽതന്നെ സൂക്ഷിക്കുന്നത് മറവി മൂലമുള്ള നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായകരമാണ്. ബാറ്ററി ചാർജർ ലഗേജിൽ വെക്കാതിരിക്കാനും ശ്രദ്ധിക്കുക.
5. ഗർഭിണികളോ മറ്റ് അസുഖങ്ങളുള്ളവരോ യാത്ര ചെയ്യുമ്പോൾ മെഡിക്കൽ റിപ്പോർട്ട് കൈവശം കരുതണം. മരുന്ന്, ഗുളികകൾ തുടങ്ങിയവ കൊണ്ടുവരുന്നുണ്ടെങ്കിൽ പ്രിസ്ക്രിപ്ഷനും ബില്ലും കൈയിൽ കരുതുക.
6. കുട്ടികൾ ഒറ്റക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ വിമാനക്കമ്പനികൾ രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യപ്പെടാറുണ്ട്. ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം യാത്രക്കു മുമ്പ് കൈയിൽ കരുതുക.
7. വിസ, ടിക്കറ്റ് എന്നിവയുടെ പ്രിന്റൗട്ട് എടുത്ത് കൈയിൽ കരുതുന്നതാണ് നല്ലത്. അവിചാരിതമായി ഫോണിന്റെ ചാർജ് തീർന്നുപോയാൽ കുടുങ്ങിയതുതന്നെ. യാത്രക്ക് മുമ്പ് ഫോണിൽ ചാർജുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.
8. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും യാത്രയിൽ മാസ്കും ഗ്ലൗസുമൊക്കെ ധരിക്കുന്നത് സുരക്ഷിതത്വം ഉറപ്പുവരുത്തും. സാനിറ്റൈസറും കരുതുക. അത്യാവശ്യത്തിനുള്ള മരുന്നുകൾ ലഗേജിൽ വെക്കാതെ കൈയിൽ കരുതുക. ചിലപ്പോൾ വിമാനം വൈകാനും മറ്റും ഇടയുണ്ട്. കണക്ഷൻ ൈഫ്ലറ്റാണെങ്കിൽ കാലതാമസം ഉണ്ടായേക്കാം. ഈ സാഹചര്യത്തിൽ മരുന്നുകൾ കൈവശമില്ലെങ്കിൽ ബുദ്ധിമുട്ടിലാകും.
9. പാർസലുകൾ നാട്ടിലെത്തിക്കാനായി സുഹൃത്തുക്കളും മറ്റും കൊടുത്തുവിടാറുണ്ട്. എത്ര അടുപ്പമുള്ളവരാണെങ്കിലും സാധനം എന്താണെന്ന് സ്വയം ഉറപ്പുവരുത്തിയതിനുശേഷം മാത്രം സ്വീകരിക്കുക.
10. വിമാനം ലാൻഡ് ചെയ്തതിനുശേഷം മാത്രമേ ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാവൂ. പുറത്തിറങ്ങാൻ തിരക്ക് കൂട്ടരുത്. എയർഹോസ്റ്റസുമാരുടെ നിർദേശങ്ങൾ അനുസരിക്കുന്നതാണ് മാന്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

