കുവൈത്ത് - കാനഡ നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികം ആഘോഷിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും കാനഡയും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60ാം വാർഷികം ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് വിവിധ കലാ സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും നടത്തും. ആഘോഷ പരിപാടികളുടെ ലോഗോ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ, കുവൈത്തിലെ കനേഡിയൻ അംബാസഡർ അലിയ മവാനി എന്നിവർ പ്രകാശനം ചെയ്തു.
യർമുക് കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിനോടനുബന്ധിച്ച് കനേഡിയൻ സംഗീതജ്ഞൻ സ്റ്റീവ് ബറകത്, കുവൈത്തി പിയാനിസ്റ്റ് ഫൈസൽ അൽ ബിഹൈരി എന്നിവരെ പങ്കെടുപ്പിച്ച് സംഗീത വിരുന്നുമുണ്ടായി. സാംസ്കാരിക, സാമ്പത്തിക സഹകരണം, സാംസ്കാരിക വിനിമയം, വ്യാപാരം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഊർജം, പ്രതിരോധം, സുരക്ഷ, കായികം, ഭക്ഷണം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെടുത്തി ഒരു വർഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
1965 ഏപ്രിൽ 27നാണ് ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഗൾഫ് യുദ്ധത്തിൽ കുവൈത്തിന്റെ മോചനത്തിനായി കാനഡ 4500 സൈനികരെ അയച്ചിരുന്നു. 2011 മുതൽ കുവൈത്തിൽ കാനഡക്ക് സൈനിക കേന്ദ്രവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

